ഇടുക്കി : ജില്ലയിൽ കനത്ത മഴയ്‌ക്ക് ശമനം. അതേസമയം വരും മണിക്കൂറുകളിൽ മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അപകട സാധ്യത നിലനിൽക്കുന്നതിനാൽ ജില്ലയുടെ വിവിധ മേഖലകളിൽ കർശന നിയന്ത്രണങ്ങൾ തുടരുകയാണ്. നാശനഷ്‌ടം സംഭവിച്ച മേഖലകളിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ തുടർപ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണ്.
24 മണിക്കൂറോളം മഴ തുടർന്നെങ്കിലും, ഇന്ന് രാവിലെ ആയപ്പോഴേക്കും മഴ മാറി നിൽക്കുന്ന സാഹചര്യമാണ് ജില്ലയിലെമ്പാടുമുള്ളത്. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുന്നുണ്ട്. ശക്തമായ മഴയ്‌ക്കുള്ള സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിനെ തുടർന്ന് ജില്ലയിൽ വിവിധ മേഖലകളിൽ നിരോധനവും ജാഗ്രത നിർദേശവും തുടരുകയാണ്. വിനോദസഞ്ചാര മേഖലകളിലേക്കുള്ള പ്രവേശനം പൂർണമായും നിരോധിച്ചിട്ടുണ്ട്.
ഖനന പ്രവർത്തനങ്ങളും രാത്രി യാത്രയും ഇന്നലെത്തന്നെ നിരോധിച്ചിരുന്നു. ജില്ലയിലെ സ്‌കൂളുകൾക്ക് ഇന്നും അവധിയാണ്. പുഴകളിലും ഡാമുകളിലും ജലനിരപ്പ് ഇന്നലത്തേതിന് സമാനമായി തുടരുകയാണ്. ജലാശയങ്ങളിൽ അനാവശ്യമായി ഇറങ്ങരുതെന്ന് ജില്ല ഭരണകൂടം അറിയിച്ചിട്ടുണ്ട്. നാശനഷ്‌ടങ്ങൾ ഉണ്ടായ മേഖലകളിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി വരികയാണ്.
ഇതിനോടൊപ്പം ദുരിതാശ്വാസ ക്യാമ്പുകൾ കേന്ദ്രീകരിച്ച് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ആവശ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഇന്നലെ മണ്ണിടിഞ്ഞും മരം വീണും ജില്ലയുടെ വിവിധ മേഖലകളിലെ റോഡുകളിൽ ഗതാഗതം തടസപ്പെട്ടിരുന്നു. ഗതാഗതം പുനസ്ഥാപിക്കുന്നതിന് ആവശ്യമായ പ്രവൃത്തികൾ രാവിലെ ആരംഭിച്ചിട്ടുണ്ട്. മഴ വരും മണിക്കൂറുകളിൽ ശക്തമാകുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്നാണ് ജില്ല ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും നൽകുന്ന നിർദേശം.
Also Read: അഞ്ചുരുളിയിൽ മണ്ണിടിച്ചിൽ; ഏലത്തോട്ടം ഒലിച്ചുപോയി, ആശങ്കയില്‍ ജനം