എറണാകുളം: മൂന്നാർ കയ്യേറ്റവുമായി ബന്ധപ്പെട്ട രാജൻ മധേക്കറുടെ റിപ്പോർട്ടിന്മേൽ സിബിഐ അന്വേഷണം വേണ്ടി വരുമെന്ന് ഹൈക്കോടതി. റിപ്പോര്‍ട്ടില്‍ നിലപാട് അറിയിക്കാനും കോടതി സർക്കാരിന് നിർദേശം നൽകി. മൂന്നാർ മേഖലയിൽ ഉൾപ്പെടെ നടത്തിയിട്ടുള്ള കയ്യേറ്റത്തിൽ കൂട്ടുനിന്ന 19 ഉദ്യോഗസ്ഥർ കുറ്റക്കാരെന്നു ചൂണ്ടിക്കാട്ടി മുൻ ഇൻ്റലിജൻസ് മേധാവി രാജൻ മധേക്കർ 2004 ലാണ് റിപ്പോർട്ട് സമർപ്പിച്ചത്.
റിപ്പോർട്ടിൽ കുറ്റക്കാരെന്നു പറയുന്നവർക്കെതിരെ നടപടി സ്വീകരിച്ചില്ലെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്നായിരുന്നു അന്വേഷണം സിബിഐയ്ക്ക് വിടേണ്ടി വരുമെന്ന ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ജസ്‌റ്റിസുമാരായ മുഹമ്മദ് മുഷ്‌താഖ്, എസ് മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ എജിയ്ക്കും, പ്രോസിക്യൂഷൻ ഡയറക്‌ടർ ജനറലിനും നിർദേശം നൽകിയത്.
അന്വേഷണം സിബിഐയ്ക്ക് കൈമാറുന്ന കാര്യത്തിൽ സർക്കാരിൻ്റെ ഭാഗം കൂടി കേൾക്കുന്നതിനു വേണ്ടിയാണിത്. അന്വേഷണം സിബിഐയ്ക്ക് കൈമാറാതിരിക്കാൻ കാരണമുണ്ടെങ്കിൽ അക്കാര്യം സർക്കാരിന് കോടതിയെ അറിയിക്കാം.
മൂന്നാറിലെ കയ്യേറ്റവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ചു കൊണ്ടായിരുന്നു കോടതി നടപടി. ഇടുക്കിയുടെ ഭൂപ്രകൃതിയെയും ഭൂനിയമങ്ങളെയുംക്കുറിച്ച് വ്യക്തതയുള്ള ഐഎഎസ് ഉദ്യോഗസ്ഥനെ കളക്‌ടറായി നിയമിക്കാനാകുമോയെന്നും ഹൈക്കോടതി ആരാഞ്ഞു. മൂന്നാർ മേഖലയ്ക്ക് മാത്രമായി സ്‌പെഷ്യൽ ഓഫീസറെ നിയമിക്കുന്ന കാര്യവും കോടതി പരിശോധിക്കും.
Also Read: 'ഇടുക്കിയിൽ ഹൈക്കോടതി പറയുന്നതുപോലെ ഗുരുതരമായ ഭൂമി പ്രശ്‌നമോ കയ്യേറ്റമോ ഇല്ല': എം എം മണി