ഇടുക്കി: ലോകമെങ്ങും കാണപ്പെടുന്നതും, നിരവധി ആരാധകരുള്ളതുമായ പുഷ്‌പ ഇനമാണ് ഒർക്കിഡ്. കേരളത്തിൽ തന്നെ ആകെ 260 ഓളം വ്യത്യസ്‌ത ഓർക്കിഡ് ഇനങ്ങൾ ഉണ്ട്. ഇവയിൽ ഏറിയ പങ്കും കാണപ്പെടുന്നത് ഇടുക്കിയുടെ മലനിരകളിലാണ്. ഇടുക്കിയുടെ ഓർക്കിഡ് വൈവിധ്യങ്ങളെ സഞ്ചാരികൾക്ക് പരിചയപെടുത്താൻ ഒരുങ്ങിയിരിക്കുകാണ് ജില്ലയിലെ ടൂറിസം സംരംഭകരുടെ കൂട്ടായ്‌മ. ഓരോ മേഖലയിലെയും തനത് വൈവിദ്ധ്യങ്ങളെ കണ്ടെത്തി സംരക്ഷിക്കുകയാണ് ഇവരുടെ ലക്ഷ്യം.
വിവിധ ഓര്‍ക്കിഡ് ഇനങ്ങൾ സംരക്ഷിക്കുന്നതിനാണ് പദ്ധതി ഒരുങ്ങുന്നത്. യുഎസ് ആസ്ഥാനമായി പ്രവർത്തിയ്ക്കുന്ന സാൻ ഡിയാഗോ ഓർക്കിഡ് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് ഓർക്കിഡ് സംരക്ഷണം പ്രവർത്തികമാക്കുന്നത്. കേരളത്തിലെ ഹോം സ്‌റ്റേ നടത്തിപുകാരുടെ കൂട്ടായ്‌മയായ ഹാറ്റ്സ്ന്‍റെ നേതൃത്വത്തിലാണ് ഇടുക്കിയിൽ പദ്ധതിയുടെ നടപ്പിലാക്കുന്നത്. ഓരോ ഹോം സ്‌റ്റേയിലും ഓർക്കിഡ് കോർണറുകൾ ഒരുക്കും.
വിവിധ ഇനങ്ങളെ കുറിച്ച് പ്രതിപാദിയ്ക്കുന്ന പഠന റിപ്പോർട്ടുകൾ അടങ്ങിയ ഇൻഫർമേഷൻ സെന്‍ററുകളായി ഇവ പ്രവർത്തിയ്ക്കും. പ്രാദേശിക കേന്ദ്രങ്ങളിൽ നിന്ന് ശേഖരിയ്ക്കുന്ന ഓർക്കിഡുകൾ ഓരോ സ്ഥാപനത്തിലും സംരക്ഷിയ്ക്കും. വിദ്യാർഥികളെയും കർഷകരെയും ഉൾപ്പെടുത്തി സംരക്ഷണം കൂടുതൽ വ്യാപകമാക്കാനും ഇതിലൂടെ വരുമാന മാർഗം സൃഷ്‌ടിയ്ക്കാനുമാണ് ലക്ഷ്യം.