തൃശൂർ : കറുത്തവരെ അധിക്ഷേപിച്ച് പരാമർശം നടത്തിയ സത്യഭാമയ്‌ക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ. ആർഎൽവി രാമകൃഷ്‌ണനെ ഉദ്ദേശിച്ച് ഒരു യൂട്യൂബ് ചാനലിൽ കറുത്ത നിറമുള്ളവർ ന്യത്തം ചെയ്യരുത് എന്നായിരുന്നു സത്യഭാമയുടെ വിവാദ പരാമർശം. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്‌ത്.
തൃശൂർ ജില്ല പൊലീസ് മേധാവിയും സാംസ്‌കാരിക വകുപ്പ് ഗവൺമെന്‍റ് സെക്രട്ടറിയും പരാമർശം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ അംഗം വി കെ ബീന കുമാരി ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാടസ്വാമിയും വിഷയത്തിൽ സത്യഭാമക്കെതിരെ പരാതി നൽകിയിരുന്നു.
കഴിഞ്ഞ ദിവസമാണ് കലാഭവന്‍ മണിയുടെ സഹോദരന്‍ ഡോ ആര്‍എല്‍വി രാമകൃഷ്‌ണനെതിരെ നിറത്തിന്‍റെ പേരില്‍ അധിക്ഷേപവുമായി നര്‍ത്തകി കലാമണ്ഡലം സത്യഭാമ രംഗത്ത് വന്നത്. രാമകൃഷ്‌ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നും സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സത്യഭാമ പറഞ്ഞു.
സൗന്ദര്യമുള്ള പുരുഷന്മാര്‍ വേണം മോഹിനിയാട്ടം അവതരിപ്പിക്കാനെന്നും സത്യഭാമ അഭിമുഖത്തില്‍ പറഞ്ഞു. എന്നാൽ സംഭവം വിവാദമായിട്ടും സത്യഭാമ നിലപാടിൽ ഉറച്ചുനിന്നു. അഭിമുഖത്തിൽ താൻ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നും നിലപാടിൽ ഉറച്ചുനിൽക്കുന്നു എന്നുമായിരുന്നു അവരുടെ പ്രതികരണം. 'എത്ര ചാനലുകാർ വന്നാലും ഞാൻ എന്‍റെ നിലപാടിൽ ഉറച്ചുനിൽക്കും. കറുത്തവര്‍ കളിക്കാൻ പാടില്ലെന്നില്ലായെന്നും അത് പെൺകുട്ടികളാണെങ്കിൽ കുഴപ്പമില്ല. എന്നാലത് ആൺകുട്ടികളാണെങ്കിൽ തന്‍റെ അഭിപ്രായത്തിൽ കുറച്ച് സൗന്ദര്യം വേണമെ'ന്നും സത്യഭാമ പറഞ്ഞു.