ഇടുക്കി : ഇടുക്കി കമ്പംമെട്ട് - വണ്ണപ്പുറം സംസ്ഥാന പാതയോരത്ത് അപകടകരമായി നില്‍ക്കുന്ന വന്‍മരം മുറിച്ചുമാറ്റാന്‍ ഇനിയും നടപടിയായില്ല. റോഡ് നിര്‍മാണത്തിനായി മരത്തിന്‍റെ വേരുകള്‍ മുറിച്ചുമാറ്റിയതോടെ അപകടാവസ്ഥ വർധിച്ചു. നെടുംകണ്ടം കല്ലാറിന് സമീപം നിൽക്കുന്ന വലിയ വാകമരമാണ് മുറിച്ചു മാറ്റാത്തത്.
കല്ലാര്‍ ബഥനി ആശ്രമത്തിന് സമീപമാണ് വന്‍ വാകമരം ഭീഷണിയായി നില്‍ക്കുന്നത്. എപ്പോള്‍ വേണമെങ്കിലും കടപുഴകി വീഴാവുന്ന ഈ മരത്തിന്‍റെ താഴ് ഭാഗത്തു കൂടിയാണ് 33 കെവി, 11 കെവി, എല്‍ടി വൈദ്യുതി ലൈനുകള്‍ കടന്നുപോകുന്നത്. മരം വെട്ടിമാറ്റണമെന്ന് പ്രദേശവാസികള്‍ പലതവണ പഞ്ചായത്ത്, പൊതുമരാമത്ത് വകുപ്പ്, കെഎസ്‌ഇബി അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.
ഇതിനിടെയാണ് കമ്പംമെട്ട് - വണ്ണപ്പുറം റോഡ് നിര്‍മാണവും ആരംഭിച്ചത്. റോഡിന് വീതി കൂട്ടി കലുങ്ക് നിര്‍മിക്കാന്‍ വേണ്ടിയും മരം വെട്ടിമാറ്റിയില്ല. വെട്ടുന്നതിന് പകരം മരത്തിന്‍റെ വേരുകള്‍ മാത്രം വെട്ടിമാറ്റിയാണ് കല്‍ക്കെട്ട് നിര്‍മിക്കാനുള്ള നീക്കം കരാറുകാരന്‍ എടുത്തത്.
മരം മുറിച്ചു മാറ്റുന്നതിനായി വൈദ്യുതി ലൈനുകള്‍ മാറ്റാന്‍ ഭീമമായ തുകയാണ് കെഎസ്‌ഇബി ആവശ്യപ്പെട്ടതെന്നാണ് സൂചന. എന്നാല്‍ ഈ തുക നല്‍കാന്‍ കരാറുകാരനും തയാറായില്ല. ഇതേത്തുടര്‍ന്നാണ് വേരുമാത്രം വെട്ടി റോഡിന് വീതി കൂട്ടിയത്. മരത്തിന് സമീപത്തുള്ള വെയിറ്റിങ് ഷെഡിലാണ് വിദ്യാർഥികള്‍ അടക്കം ബസ് കാത്ത് നില്‍ക്കുന്നത്.