കോട്ടയം: നീണ്ടൂര്‍ കൈപ്പുഴയില്‍ വീടിന് തീപിടിച്ചു. മേക്കാവ് ദേവീ ക്ഷേത്രത്തിന് സമീപം ചാക്കാപ്പടം തങ്കച്ചന്‍റെ വീടിനാണ് തീപിടിച്ചത്. ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. ഞായറാഴ്‌ച (ജൂലൈ 7) ഒൻപതരയോടെ തങ്കച്ചനും കുടുംബവും പള്ളിയിൽ പോയിരുന്ന സമയത്താണ് സംഭവം. സമീപത്ത് നിര്‍മ്മാണം നടക്കുന്ന വീട്ടിലെ ജോലിക്കാരാണ് തങ്കച്ചന്‍റെ വീട്ടില്‍ നിന്ന് പുക ഉയരുന്നത് ആദ്യം കണ്ടത്. ഇവര്‍ സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് തീ അണച്ചു.
വീടിന്‍റെ അടുക്കളയിലാണ് തീപിടിച്ചത്. സംഭവത്തിൽ ഫ്രിഡ്‌ജും, വാഷിങ് മെഷീനും കത്തിനശിച്ചു. അടക്കളയിലെ വയറിങും പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. വിവരം അറിഞ്ഞ് ഓടിയെത്തിയ സമീപവാസി സന്തോഷ് ആദ്യം തന്നെ വീടിന്‍റെ പുറത്തെ മെയിന്‍ സ്വിച്ച് ഓഫാക്കിയത് മൂലം വലിയ അപകടം ഒഴിവാകുകയായിരുന്നു.
അടുക്കളയില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറിനും വിറകിനും തീപിടിക്കാതിരുന്നത് മൂലം അപകടത്തിന്‍റെ വ്യാപ്‌തി കുറഞ്ഞു. സമീപവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കോട്ടയത്ത് നിന്നും ഫയര്‍ഫോഴ്‌സും എത്തിയിരുന്നു. അസി. സ്‌റ്റേഷന്‍ ഓഫീസര്‍ ശിവകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം വീടിനുള്ളില്‍ കടന്ന് തീ പൂര്‍ണ്ണമായും അണച്ചെന്ന് ഉറപ്പുവരുത്തി.
ഗ്രേഡ് സ്‌റ്റേഷന്‍ ഓഫീസര്‍ റെജിമോന്‍ കെബി, ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍മാരായ സജിന്‍ ശശി, സജീഷ് കുമാര്‍, ഡിബിന്‍ രാജീവ്, ഡ്രൈവര്‍ അഭിലാഷ് ബി എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നതായി ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.