എറണാകുളം : ഹൈറിച്ച് മണി ചെയിൻ തട്ടിപ്പ് കേസില്‍ പ്രതികളില്‍ ഒരാളായ കമ്പനി ഉടമ പ്രതാപൻ ഇഡി ഓഫിസില്‍ ഹാജരായി (Highrich Scam). കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ്, കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതാപൻ കേന്ദ്ര അന്വേഷണ ഏജൻസിയുടെ ഓഫിസില്‍ ഹാജരായത് (Highrich Scam Accused). ഹൈറിച്ച് ഉടമകളായ പ്രതാപൻ, ഭാര്യ ശ്രീന എന്നിവരോട് കീഴടങ്ങിയ ശേഷം അന്വേഷണത്തോട് സഹകരിച്ചുകൂടേയെന്നും ജാമ്യാപേക്ഷ പരിഗണിച്ച പി എം എൽ എ കോടതി ചോദിച്ചിരുന്നു.
ഇതേ തുടര്‍ന്ന് പ്രതികളുടെ അഭിഭാഷകന്‍ ഇവര്‍ ഇഡിയ്‌ക്ക് മുന്നില്‍ ഹാജരാകുമെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതാപൻ ഇഡി ഒഫിസിലെത്തിയത്. പ്രതാപന്‍റെ ഭാര്യയും കേസിലെ മറ്റൊരു പ്രതിയുമായ ശ്രീനു ഇന്ന് അന്വേഷണ സംഘത്തിന് മുന്നിലെത്തിയില്ല.
അതേസമയം, മുൻകൂർ ജാമ്യാപേക്ഷയിൽ പ്രതികളുടെ അറസ്റ്റ് കോടതി നേരത്തെ തടഞ്ഞിരുന്നില്ല. വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും കൂടുതല്‍ നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുക. പ്രതികളുടെ പേരിലുണ്ടായിരുന്ന 203 കോടിയുടെ സ്വത്തുക്കള്‍ ഇഡി മരവിപ്പിച്ചിരുന്നു. വൻ തട്ടിപ്പാണ് നടന്നതെന്നും പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നുമുള്ള നിലപാടായിരുന്നു അന്വേഷണസംഘം കോടതിയിലെടുത്തത്.
1630 കോടിയുടെ തട്ടിപ്പാണ് മണി ചെയിന്‍ മാതൃകയില്‍ ഹൈറിച്ച് കമ്പനി നടത്തിയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഹൈറിച്ച് ഓൺലൈൻ ഷോപ്പി, എച്ച് ആർ ഒടിടി എന്നിവയുടെ പേരില്‍ ഒന്നര ലക്ഷത്തിലധികം പേരിൽ നിന്നാണ് പണം സമാഹരിച്ച് തട്ടിപ്പ് നടത്തിയത്.
ഇതില്‍ 852 കോടിയും ക്രിപ്‌റ്റോ കറൻസി വഴിയാണ് പ്രതികള്‍ സമാഹരിച്ചത്. ഹവാല ഇടപാടിലൂടെയും ക്രിപ്റ്റോ കറൻസിയിലൂടെയും വിദേശത്തേക്ക് 100 കോടി കടത്തിയതായും കണ്ടെത്തി. നേരത്തെ, ഹൈറിച്ച് ഓണ്‍ലൈൻ ഷോപ്പിയുടെ തൃശൂരിലെ ഓഫിസുകളിലും ഉടമയുടെ വീട്ടിലും ഇഡി റെയ്‌ഡ് നടത്തിയിരുന്നു.
പ്രതികളെ കസ്റ്റഡിയിലെടുക്കുന്നതിനായിരുന്നു അന്വേഷണ സംഘത്തിന്‍റെ നീക്കം. എന്നാൽ, ഉദ്യോഗസ്ഥർ വീട്ടിലെത്തുന്നതിന് മുൻപായി കമ്പനി ഉടമ പ്രതാപനും ഭാര്യയും ഡ്രൈവർക്കൊപ്പം വാഹനത്തിൽ രക്ഷപ്പെട്ടു. ഇവരെ പിടികൂടാന്‍ ഇഡി അന്വേഷണം ഊര്‍ജമാക്കിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പ്രതികളെ കണ്ടെത്താന്‍ ഒരു ഘട്ടത്തില്‍ പൊലീസ് സഹായവും കേന്ദ്ര ഏജൻസി തേടിയിരുന്നു.