കാസർകോട്: ജലസേചന സൗകര്യമില്ലാത്തതിനാൽ ഇനി തെങ്ങ് നടാൻ മടിക്കേണ്ട. ഏത് സാഹചര്യത്തിലും വളരുന്ന ബേഡകം തെങ്ങ് നട്ടുപിടിപ്പിക്കാം. മികച്ച പരിചരണം കിട്ടിയാൽ മൂന്നു വർഷം കൊണ്ടും അല്ലെങ്കിൽ അഞ്ചു വർഷത്തിനിടയിലും കായ്‌ക്കും.
ജലസേചനം കുറവാണെങ്കിൽ പോലും വർഷം 70 മുതൽ 90 വരെ തേങ്ങ ലഭിക്കും. 13 മുതൽ 15 വരെ പൂങ്കുലകൾ ഉണ്ടാകും. ജലസേചനം ഉള്ള സ്ഥലം ആണെങ്കിൽ മികച്ച പരിചരണം ലഭിച്ചാൽ 150 മുതൽ 180 വരെ തേങ്ങ ലഭിക്കും. ഏതു കാലാവസ്ഥയെയും അതിജീവിക്കുമെന്നതാണ് ബേഡകം തെങ്ങിന്‍റെ പ്രത്യേകത.
അതുകൊണ്ടുതന്നെ കർഷകർക്ക് പ്രിയപ്പെട്ട ഇനമായി മാറാനും ബേഡകം തെങ്ങിന് കഴിഞ്ഞിട്ടുണ്ട്. ഇതോടെ ഈ വറൈറ്റിക്ക് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആവശ്യക്കാർ കൂടുകയാണ്. സാധാരണ പശ്ചിമതീര നെടിയ ഇനത്തേക്കാൾ ഉയരം കുറവാണ് ബേഡകം തെങ്ങിനെന്നതും പ്രത്യേകതയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ജലസേചന സൗകര്യമില്ലാത്ത തോട്ടങ്ങളിൽ ശരാശരി വിള പരിപാലനം മാത്രം നൽകിയാലും മോശമല്ലാത്ത ഉത്പാദനം ലഭിക്കുമെന്നതാണ് ബേഡകം തെങ്ങിനെ വ്യത്യസ്‌തമാക്കുന്നത്. നനയ്ക്കുകയും നന്നായി പരിപാലിക്കുകയും ചെയ്‌താൽ ഉത്പാദനം ഗണ്യമായി കൂടും. കഴിഞ്ഞ വർഷം 1000 തെങ്ങിൻ തൈകളാണ് ബേഡഡുക്ക പഞ്ചായത്തിൽ നിന്നും വിൽപന നടത്തിയത്.
ബേഡഡുക്ക ഗ്രാമപ്പഞ്ചായത്ത് ഗ്രാമസഭയിൽ അപേക്ഷ നൽകുന്നവർക്ക് തെങ്ങിൻ തൈ സബ്‌സിഡിയോടെ വിതരണം ചെയ്യുന്നുണ്ട്. ബേഡഡുക്ക ഫാമേഴ്‌സ് സർവിസ് കോർപറേറ്റിവ് ബാങ്ക് വഴിയും തെങ്ങിൻ തൈകൾ വിൽപനയ്ക്ക് ഉണ്ടെന്നു എംഡി സുരേഷ് പറഞ്ഞു. ആവശ്യക്കാർക്ക് ബാങ്കിൽ എത്തി തൈകൾ നേരിട്ട് വാങ്ങിക്കാം. ഒന്നിന് 150 രൂപ ആണ് വില.
സിപിസിആർഐയിലെ പ്രിൻസിപ്പൽ ശാസ്ത്രജ്ഞരായ ഡോ. സി തമ്പാൻ, ഡോ. കെ ഷംസുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് ബേഡകം തെങ്ങിനെക്കുറിച്ച് പഠിച്ചത്. നല്ല വിളവ് നൽകുന്ന ബേഡകം തെങ്ങ് കുന്നിൻ പ്രദേശങ്ങളിലും കൃഷിക്ക് അനുയോജ്യമാണെന്ന് ഡോ. തമ്പാൻ പറഞ്ഞു. മറ്റു ഇനത്തെ അപേക്ഷിച്ച് ഇവയ്ക്ക് ഉയരവും തടിവണ്ണവും കുറവാണ്.
ബേഡകം തെങ്ങു കർഷക സമിതിയിൽ നിലവിൽ 1700 കൃഷിക്കാർ അംഗങ്ങളാണ്. ഇവർ വഴിയും തൈകൾ വിതരണം ചെയ്യുന്നുണ്ട്. പശ്ചിമതീര നെടിയ ഇനത്തിൽ നിന്നും വന്ന കുറ്റ്യാടി, അന്നൂർ, ജാപ്പാണം, കോമടൻ പോലെ നാടൻ ആണ് ബേഡകം തെങ്ങും.