എറണാകുളം: അഖിലേന്ത്യാ സർവീസിലിരിക്കെ വിരമിച്ചിട്ടും വകുപ്പുതല നടപടിയിലും ജുഡീഷ്യൽ നടപടിയിലും തീരുമാനമാകാതെ വന്നാൽ പെൻഷൻ ആനുകൂല്യം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. അടിസ്ഥാന പെൻഷൻ മാത്രം നൽകാമെന്നും കോടതി ഉത്തരവിട്ടു. വിരമിക്കലിനു ശേഷവും വകുപ്പുതല നടപടിക്രമങ്ങളിലോ ,ജുഡീഷ്യൽ നടപടിക്രമങ്ങളിലോ തീരുമാനമുണ്ടാകാത്ത പക്ഷം അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർക്ക് അടിസ്ഥാന പെൻഷൻ തുക മാത്രമെ അനുവദിക്കാനാകുവെന്ന് ഹൈക്കോടതി വ്യക്‌തമാക്കി.
മുൻ ഡിജിപി എസ് പുലികേശിക്ക് പെൻഷൻ ആനുകൂല്യം അനുവദിക്കാമെന്ന അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി വിധി. വിരമിച്ച ഐപിഎസ്, ഐഎഎസ് ഉൾപ്പെടെയുള്ള അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർക്കെതിരായ കേസിലും വകുപ്പു തല നടപടിയിലും അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ പെൻഷൻ ആനുകൂല്യം അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിൽ ചൂണ്ടിക്കാട്ടി. പിന്നീട് വകുപ്പുതല നടപടി സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുന്ന മുറയ്ക്ക് മുഴുവൻ പെൻഷൻ തുകയും കണക്കാക്കി ആനുകൂല്യം അനുവദിക്കാം.
പെൻഷൻ ആനുകൂല്യം പിടിച്ചു വയ്ക്കുന്നതു സംബന്ധിച്ച് അഖിലേന്ത്യാ സർവീസ് ചട്ടത്തിൽ വ്യക്തമാക്കിയിട്ടിയില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ആനുകൂല്യം അനുവദിക്കാൻ നിർദ്ദേശിച്ചുകൊണ്ടുള്ള കേന്ദ്ര ട്രൈബ്യൂണൽ ഉത്തരവ്. ട്രൈബ്യൂണൽ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അഖിലേന്ത്യാ സർവീസ് ചട്ടം 6 (2)ൽ വകുപ്പുതല നടപടിയിൽ അന്തിമ തീരുമാനമാകാതെ വിരമിക്കൽ ആനുകൂല്യം അനുവദിക്കേണ്ടതില്ലെന്നു വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു സർക്കാർ വാദം.
സർക്കാർ വാദം അംഗീകരിച്ച ഹൈക്കോടതി, പുലികേശിക്കെതിരെ എറണാകുളം സിബിഐ കോടതിയിലുള്ള കേസിൻ്റെ വിചാരണ നടപടികൾ 9 മാസത്തിനകം പൂർത്തിയാക്കാനും, അതിനനുസൃതമായി കാലതാമസമുണ്ടാകാതെ വകുപ്പു തല നടപടിയിൽ തീരുമാനമെടുക്കാനും സർക്കാരിനോടും നിർദേശിച്ചു.