എറണാകുളം: പൊലീസ് സ്‌റ്റേഷനെ ഭീകരമായ സ്ഥലമാക്കേണ്ട കാര്യമില്ലെന്ന് ഹൈക്കോടതി. മോശം വാക്കുകൾ ഉപയോഗിച്ചാൽ ജനങ്ങളെ നിയന്ത്രിക്കാൻ കഴിയും എന്ന് ആരാണ് പൊലീസിനോട് പറഞ്ഞതെന്നും കോടതി ചോദിച്ചു. പൊലീസ് നടപടികളുടെ ദൃശ്യങ്ങൾ പകർത്തുന്നത് എങ്ങനെ ജോലി തടസ്സപ്പെടുത്തൽ ആകുമെന്നും ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.
ആലത്തൂർ പൊലീസ് സ്‌റ്റേഷനിൽ എസ്ഐ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ കേസിലാണ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പേടിച്ചിട്ട് സ്‌ത്രീകളും കുട്ടികളുമൊക്കെ പൊലീസ് സ്‌റ്റേഷനിലേക്ക് വരുമോയെന്നും കോടതി ചോദിച്ചു. സാധാരണക്കാരായ ജനങ്ങളെ വിളിക്കുന്ന തെറി മേലുദ്യോഗസ്ഥരെ വിളിച്ചാൽ വിവരമറിയുമെന്നും കോടതി പരിഹസിച്ചു.
ആലത്തൂരിൽ അഭിഭാഷകനോട് മോശമായി പെരുമാറിയ എസ്ഐ റെനീഷിനെതിരെ നടപടികൾ ആരംഭിച്ചതായി സംസ്ഥാന പൊലീസ് മേധാവി കോടതിയെ അറിയിച്ചു. ഇതുവരെ എടുത്ത നടപടികൾ അറിയിക്കാൻ നിര്‍ദേശിച്ച കോടതി ഹർജി രണ്ടാഴ്‌ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി വച്ചു.