എറണാകുളം : പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ആത്മഹത്യ ചെയ്‌ത സിദ്ധാർഥിന്‍റെ മരണത്തിൽ പ്രതികളുടെ ജാമ്യ ഹർജിയിൽ വിദ്യാര്‍ഥിയുടെ അമ്മയെ ഹൈക്കോടതി കക്ഷി ചേർത്തു. പ്രതികളുടെ ജാമ്യ ഹർജിയിൽ തന്‍റെ ഭാഗം കൂടി കേൾക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് സിദ്ധാർഥിന്‍റെ അമ്മ ഷീബ നൽകിയ കക്ഷി ചേരൽ അപേക്ഷ അനുവദിച്ചാണ് കോടതി നടപടി.
ജാമ്യ ഹർജികൾ ഈ മാസം 22ന് വിശദ വാദത്തിനായി മാറ്റി. പ്രതികളുടെ ജാമ്യാപേക്ഷകളിന്മേൽ മെറിറ്റിൽ വാദം കേൾക്കണമെന്ന നിലപാടാണ് സി.ബി.ഐ കഴിഞ്ഞ തവണ ഹൈക്കോടതിയിൽ സ്വീകരിച്ചത്. കേസിലെ അന്തിമ റിപ്പോർട്ട് സിബിഐ ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു.
പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്, പോസ്‌റ്റ്‌മോർട്ടം സമയത്തെടുത്ത ഫോട്ടോഗ്രാഫുകൾ, എന്നിവ ഡൽഹി എയിംസിലെ മെഡിക്കൽ ബോർഡ് പരിശോധിക്കും. സിദ്ധാർഥിന്‍റെ മരണം സംബന്ധിച്ച് ബോർഡിന്‍റെ വിദഗ്‌ധാഭിപ്രായത്തിനായി കാത്തിരിക്കുകയാണെന്നും സി.ബി.ഐ അന്തിമ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
കേസിൽ 19 പ്രതികളാണ് ഉള്ളത്. ഈ പ്രതികൾ ക്രിമിനൽ ഗൂഢാലോചന നടത്തുകയും, സിദ്ധാർഥിനെ അതിക്രൂരമായി ശാരീരികമായി ,ആക്രമിക്കുകയും ,അപമാനിക്കുകയും ചെയ്‌തു ,ശാരീരികമായ ആക്രമണവും അപമാനവും സിദ്ധാർഥിനെ ആത്മഹത്യയിലേക്ക് നയിച്ചു. എന്നിരുന്നാലും കേസിൽ രണ്ടാമതൊരു വിദഗ്‌ധ അഭിപ്രായം ഇക്കാര്യത്തിൽ വേണം എന്നെല്ലാമാണ് സി.ബി.ഐയുടെ നിലപാട്.
മകന്‍റെ മരണകാരണം സംബന്ധിച്ച് അവ്യക്തതയുണ്ട്. സിബിഐ സമർപ്പിച്ച അന്തിമറിപ്പോർട്ടിൽ നിന്നും പ്രതികളുടെ പങ്ക് വ്യക്തമാണ്. അതിനാൽ പ്രതികളുടെ ജാമ്യാപേക്ഷകൾ തള്ളണമെന്നുമാണ് സിദ്ധാർഥിന്‍റെ അമ്മയുടെ ആവശ്യം. 2024 ഫെബ്രുവരി 18-നാണ് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥിയായ സിദ്ധാര്‍ഥിനെ ഹോസ്‌റ്റല്‍ മുറിയിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.