എറണാകുളം: റംസാൻ വിഷു ചന്തകൾ നടത്താൻ കൺസ്യൂമർഫെഡിന് ഹൈക്കോടതി ഉപാധികളോടെ അനുമതി നൽകി. വിപണനമേളകളെ സർക്കാർ യാതൊരുതരത്തിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കരുതെന്നും ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിൽ നിർദേശിച്ചു.
റംസാൻ വിഷു ചന്തകളുടെ നടത്തിപ്പിൽ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം കണ്ടെത്തിയാൽ തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാനുള്ള പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് 250 ചന്തകൾ തുടങ്ങാനുള്ള നീക്കം സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞത്. ഇതിനെതിരെയായിരുന്നു കൺസ്യൂമർഫെഡിന്‍റെ ഹർജി.
മനുഷ്യന്‍റെ ഗതികേടിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് വാദത്തിനിടെ സർക്കാരിനോട് കോടതി പറഞ്ഞിരുന്നു. എന്നാൽ സാധനങ്ങളെല്ലാം വാങ്ങിവച്ചുപോയെന്നും യാതൊരുതരത്തിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിപണനമേളകളെ ഉപയോഗിക്കില്ലെന്നും സഹകരണ റജിസ്ട്രാർ കോടതിയിൽ ഉറപ്പ് നൽകി. തുടർന്നാണ് റംസാൻ വിഷു ചന്തകൾ നടത്താൻ ഹൈക്കോടതി കൺസ്യൂമർ ഫെഡിന് അനുമതി നൽകിയത്. ചന്തകൾ തുടങ്ങുന്നത് പെരുമാറ്റ ചട്ടലംഘനമാണെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപട്.
Also Read: കെ ബാബുവിന് എംഎല്‍എയായി തുടരാം; സ്വരാജിന്‍റെ ഹര്‍ജി തള്ളി - High Court Rejects M Swaraj Plea