എറണാകുളം: ആലത്തൂരിൽ പൊലീസുദ്യോഗസ്ഥൻ അഭിഭാഷകനോട് മോശമായി പെരുമാറിയ സംഭവത്തിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി. പൊലീസ് സേനയെ മെച്ചപ്പെടുത്താൻ കോടതി നിർദേശിക്കുന്ന കാര്യങ്ങള്‍ എന്തെങ്കിലും നടപ്പാക്കുന്നുണ്ടോയെന്ന് സിംഗിൾ ബെഞ്ച് ചോദിച്ചു.
പൊലീസ് സേനയെ പരിഷ്‌കൃതരും പ്രൊഫഷണലുമാക്കുന്നതിൽ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാൻ ഡിജിപിയ്ക്ക് നിർദേശം. സംസ്ഥാന പൊലീസ് മേധാവി ഓൺലൈനായി ഹാജരായാണ് വിശദീകരണം നൽകേണ്ടത്. ആലത്തൂരിലെ വിഷയവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി ഈ മാസം 26-ന് വീണ്ടും പരിഗണിക്കുന്നുണ്ട്. അന്നേ ദിവസമാണ്, ഡിജിപി ഓൺലൈനായി ഹാജരാകേണ്ടത്.
കഴിഞ്ഞ ദിവസം കോഴിക്കോട് സീബ്ര ലൈനില്‍ പെൺകുട്ടിയെ ബസ് ഇടിച്ച് തെറിപ്പിച്ച കാര്യത്തിലും കോടതി പരാമർശമുണ്ടായി. സീബ്ര ക്രോസിങ്ങിലെ കാര്യങ്ങൾ നിരീക്ഷിക്കാൻ എന്താണ് സംവിധാനമുള്ളതെന്ന് കോടതി ആരാഞ്ഞു. ഒന്നര വർഷം മുമ്പ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയതാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. പൊലീസ് സ്റ്റേഷനെ ഭീകരമായ സ്ഥലമാക്കേണ്ട കാര്യമില്ലെന്ന് മുൻപ് ഹൈക്കോടതി പറഞ്ഞിരുന്നു.
ALSO READ: ആർഎൽവി രാമകൃഷ്‌ണനെ അധിക്ഷേപിച്ച കേസ്; സത്യഭാമ കീഴടങ്ങണമെന്ന് ഹൈക്കോടതി