എറണാകുളം: ശബരിമലയിൽ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഹൈക്കോടതി വിലക്കേർപ്പെടുത്തി. ആരാധനയ്ക്കുള്ള ഇടമാണ് ശബരിമലയെന്നും, അവിടെ ഇത്തരം കാര്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ശബരിമലയിൽ പ്രീ പെയ്‌ഡ് ഡോളി സർവീസ് തുടങ്ങിയതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ നടത്തിയ സമരത്തിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
പമ്പയിലും സന്നിധാനത്തും പ്രതിഷേധങ്ങളും സമരങ്ങളും വിലക്കിയ ഹൈക്കോടതി, സമരങ്ങൾ ഭക്തരുടെ ആരാധനാവകാശത്തെയാണ് ബാധിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. ഡോളി ജീവനക്കാർക്ക് എന്തെങ്കിലും പരാതികളുണ്ടെങ്കിൽ അവ മണ്ഡലകാലം തുടങ്ങുന്നതിനു മുമ്പ് ബന്ധപ്പെട്ടവരെ അറിയിക്കുകയാണ് വേണ്ടിയിരുന്നത്. പലരും ദിവസങ്ങളോ ആഴ്‌ചകളോ എടുത്താണ് ശബരിമലയിൽ വരുന്നത്. പ്രായമായവരും നടക്കാൻ വയ്യാത്തവരും രോഗികളുമൊക്കെ ഇങ്ങനെ വരുമ്പോൾ ഡോളി സർവീസ് കിട്ടിയില്ലെങ്കിൽ എന്തു ചെയ്യുമെന്ന് കോടതി ചോദിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
തീർഥാടകരെ കൊണ്ടു പോകില്ലെന്ന് പറയാനോ ഇറക്കി വിടുന്നതോ അനുവദിക്കാൻ സാധിക്കില്ല. തീർഥാടകർക്ക് എന്തെങ്കിലും സംഭവിച്ചാൽ ആര് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും കോടതി ചോദിച്ചു. ശബരിമല ആരാധനയ്ക്കുള്ള സ്ഥലമാണ്. അവിടെ സമരമോ പ്രതിഷേധമോ അംഗീകരിക്കാൻ പറ്റില്ല. ഭാവിയിൽ ഇത് ആവർത്തിക്കരുതെന്നും, ചീഫ് പൊലീസ് കോർഡിനേറ്ററും ദേവസ്വം ബോർഡും ഇക്കാര്യം ഉറപ്പു വരുത്തണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു.
Also Read; ശബരിമല തീര്‍ഥാടകരുടെ ബസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം; ഒരു മരണം, മൂന്ന് പേരുടെ നില ഗുരുതരം