എറണാകുളം: സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്‌കൂളുകൾക്ക് അവധിക്കാല ക്ലാസ് നടത്താൻ ഉപാധികളോടെ അനുമതി നൽകി ഹൈക്കോടതി. രാവിലെ 7.30 മുതൽ 10.30 വരെയുള്ള സമയത്ത് ക്ലാസുകൾ നടത്താനാണ് അനുമതി. സിബിഎസ്‌ഇ സ്‌കൂൾ കൗൺസിൽ അടക്കം നൽകിയ ഹർജികളിലാണ് ജസ്‌റ്റിസുമാരായ മുഹമ്മദ് മുഷ്‌താഖ്, അബ്‌ദുൾ ഹക്കിം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവ്.
എന്നാൽ സർക്കാർ, എയ്‌ഡഡ് സ്‌കൂളുകൾക്ക് അവധിക്കാല ക്ലാസിന് അനുമതിയില്ല. കേരള വിദ്യാഭ്യാസ ചട്ടത്തിൽ വ്യവസ്ഥയില്ലെന്ന കാരണത്താലാണിത്. ഇത്തരം സ്‌കൂളുകളിൽ ആവശ്യമെങ്കിൽ സർക്കാരിന് പ്രത്യേക ഉത്തരവിറക്കി അവധിക്കാല ക്ലാസുകൾ നടത്താമെന്നും കോടതി വ്യക്തമാക്കി.
രക്ഷകർത്താക്കളുടെ സമ്മതമുണ്ടെങ്കിൽ അവധിക്കാല ക്ലാസുകൾ നടത്താമെന്ന് നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ശരിയായില്ലെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തിയിട്ടുണ്ട്. പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അവധിക്കാല ക്ലാസുകൾ ആവശ്യപ്പെട്ട് സ്‌കൂളുകൾ ഹൈക്കോടതിയെ സമീപിച്ചത്.