കാസർകോട്: ഓരോരുത്തരുടെയും വിവാഹ വസ്ത്രങ്ങൾ വധൂവരന്മാർക്ക് അത്രയും പ്രിയപ്പെട്ടതായിരിക്കും. വിവാഹ ദിവസം മാത്രം ഉപയോഗിച്ച് ഭദ്രമായി അലമാരയിൽ പൂട്ടി വെക്കുന്നവരായിരിക്കും പലരും. ഒരു ദിവസത്തെ ഉപയോഗം കഴിഞ്ഞാൽ മാറ്റിവയ്ക്കുന്ന പതിനായിരങ്ങൾ വില വരുന്ന വസ്ത്രങ്ങൾ പാവപ്പെട്ടവർക്ക് പ്രയോജനപ്പെടുത്തുന്ന ഒരു ക്ലബ് ഉണ്ട് കാസർകോട്. ഒരു കൂട്ടം യുവാക്കളാണ് ഇതിനു പിന്നിൽ. കാഞ്ഞങ്ങാട് ഗ്രീൻ സ്‌റ്റാർ ക്ലബ്ബിന്‍റെ നേതൃത്വത്തിലാണ് മണിക്കൂറുകൾ മാത്രം ഉപയോഗിച്ച വിവാഹവസ്ത്രങ്ങൾ ശേഖരിച്ച് നിർധനരായവർക്ക് സൗജന്യമായി നൽകുന്നത്.
ഇവിടെ മതമോ ജാതിയോ ദേശമോ ഒന്നും പ്രശ്‌നമല്ല. 42,000 രൂപയുടെ വിവാഹ വസ്ത്രങ്ങൾ വരെ ഇവിടെ എത്താറുണ്ട്. വസ്ത്രങ്ങൾ നൽകാൻ താൽപര്യമുള്ളവർക്ക് ഇവരെ സമീപിക്കാം. ക്ലബ് അംഗങ്ങൾ എത്തി വസ്ത്രങ്ങൾ ശേഖരിക്കും. നിർധനരായ വധൂവരൻമാർക്കാണ് സൗജന്യമായി വിവാഹ വസ്ത്രങ്ങൾ നൽകുന്നത്.
പാവപ്പെട്ട കുടുംബങ്ങളിലെ മണവാട്ടിമാർ ഇവിടെ എത്തി നിറമുള്ള വസ്ത്രങ്ങൾ നോക്കി എടുക്കുന്നതും നന്ദി പറഞ്ഞ് സന്തോഷത്തോടെ മടങ്ങുന്നതും ഇവിടുത്തെ സ്ഥിരം കാഴ്‌ചയാണ്. ചെറിയ ഒരു മുറിയിലാണ് നിറയെ ഭംഗിയുള്ള വിവാഹ വസ്ത്രങ്ങൾ നിരത്തി വെച്ചിട്ടുള്ളത്. ആവശ്യക്കാർക്ക് ഇഷ്‌ടം ഉള്ളത് തെരഞ്ഞെടുക്കാം. ആവശ്യം കഴിഞ്ഞ് തിരിച്ചു നല്‍കിയില്ലെങ്കിലും പ്രശ്‌നമില്ല.
സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നും എത്തുന്ന വിവാഹ വസ്ത്രങ്ങൾ പാവപ്പെട്ടവർക്ക് കൈമാറുന്ന ഇടത്താവളമാണ് ഗ്രീൻ സ്‌റ്റാർ ക്ലബ്ബിന്‍റെ ഡ്രസ് ബാങ്ക്. കർണാടകയിൽ നിന്ന് പോലും ആവശ്യക്കാർ എത്താറുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയാണ് ആശയം പ്രചരിപ്പിച്ചത്. ശേഖരിക്കുന്ന വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കിയ ശേഷമാണ് വധൂവരന്മാർക്ക് നൽകുന്നത്.
മൂന്നുവർഷത്തിനിടെ മുന്നൂറിലധികം വധൂവരന്മാർക്ക് വസ്ത്രങ്ങൾ നൽകി. വാങ്ങാൻ എത്തുന്നവരുടെ പേര് വിവരങ്ങൾ ഒന്നും പുറത്ത് വിടില്ല. പെരുന്നാളിന് നിരവധി കുട്ടികൾക്കും വസ്ത്രങ്ങൾ വാങ്ങി നൽകിയിരുന്നു. ഖാലിദ് അറബിക്കാടത്ത്, മുസ്‌തഫ കൂലിക്കാട്, റമീസ് അഹമ്മദ്, അസ്ക്കർ അതിഞ്ഞാൽ എന്നിവരാണ് ഇതിന് നേതൃത്വം നൽകുന്നത്.