കണ്ണൂർ: തകരാർ വന്നാൽ ഹെൽമറ്റ് നന്നാക്കാറുണ്ടോ, ഈ ചോദ്യത്തിന് ഉത്തരം നൽകുകയാണ് തലശ്ശേരിയിലെ താമസക്കാരനായ അജ്‌മൽ. ഇരുചക്ര വാഹന യാത്രക്കാരുടെ പ്രധാന സുരക്ഷ ഉപകരണമായ ഹെൽമറ്റിന് വല്ല കേടുപാടും വന്നാൽ ഇനി സ്വയം അറ്റ കുറ്റ പണി വേണ്ട. ഹെൽമറ്റിന്‍റെ കേടുപാടുകൾ തീർക്കാൻ കണ്ണൂരിലെ പാതയോരത്തു ഒരു കുട നിവർത്തി അജ്‌മൽ ഉണ്ട്.
പ്ലസ് ടു കഴിഞ്ഞശേഷം ഹെൽമറ്റ് റിപ്പയറിങ് തൊഴിലാക്കിയ 23 കാരൻ ഇപ്പോൾ ഈ രംഗത്തെ തിരക്കേറിയ ആളാണ്. അപൂർവ്വം ടെക്‌നീഷ്യന്മാരിൽ ഒരാളും. എറണാകുളത്തും കോഴിക്കോടും തലശ്ശേരിയിലും സേവനം ചെയ്‌ത അജ്‌മൽ ഇപ്പോൾ കണ്ണൂരിലാണ്.
ജില്ല ആശുപത്രി റോഡിൽ ഫയർ സ്റ്റേഷന് സമീപം എത്തിയാൽ അജ്‌മലിന്‍റെ സേവനം സ്വീകരിച്ചു മടങ്ങാം.
നിലമ്പൂർ വഴിക്കടവ് സ്വദേശിയായ അജ്‌മൽ പ്ലസ് ടു ജയിച്ച ശേഷമാണ് ഹെൽമെറ്റ് റിപ്പയറിങ് രംഗത്തേക്ക് ഇറങ്ങിയത്. വളാഞ്ചേരികാരനായ ബന്ധുവിൽ നിന്നാണ് ജോലിയുടെ ആദ്യ ബാലപാഠങ്ങൾ പഠിച്ചെടുത്തത്. നേരത്തെ നിർമ്മാണ- വെൽഡിങ് തൊഴിലാളിയായ അജ്‌മൽ പോളിടെക്‌നിക്കിൽ ഒന്നും പഠിച്ചിട്ടില്ലെങ്കിലും ഹെൽമറ്റിന്‍റെ പ്രധാന ഭാഗങ്ങളുടെ പ്രവർത്തനം അജ്‌മലിന് കൃത്യമായി അറിയാം.
ഹെൽമറ്റിന്‍റെ പുറന്തോടിലൊഴികെ മറ്റെല്ലാ പണികളും ചെയ്യും. ചിൻ സ്രാപ്പ് നന്നാക്കൽ ഗ്ലാസ് മാറ്റിക്കൊടുക്കൽ എന്നിവയാണ് പ്രധാനം. ദിവസവും ശരാശരി നൂറുകണക്കിന് ജോലികൾ അജ്‌മലിനെ തേടി എത്താറുണ്ട്. 100 രൂപ മുതൽ 250, 500 രൂപ വരെയാണ് സർവീസ് ചാർജായി അജ്‌മൽ വാങ്ങുന്നത്. കോയമ്പത്തൂരിൽ നിന്നും ബാംഗ്ലൂരിൽ നിന്നുമാണ് സാധന സാമഗ്രികൾ എത്തിക്കുന്നത്.
പണിക്കൊപ്പം ചെറിയതോതിൽ ഹെൽമറ്റ് വില്‍പനയും ഉണ്ട്. തലശ്ശേരി ചേനാടത്തെ വാടക മുറിയിലാണ് താമസം. പിൻ സീറ്റുകാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയതോടെ തൊഴിൽ കൂടുതലായി അജ്‌മൽ പറയുന്നു. എങ്കിലും മഴയെത്തുന്നതോടെ തൊഴിൽ കുറയും വേറെ ഉപജീവനമാർഗം തേടി പോകണം. രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് അജ്‌മലിന്‍റെ തൊഴിൽ സമയം. ആറുമണിക്ക് ശേഷം തീവണ്ടിയിൽ തലശ്ശേരി വാടക വീട്ടിലേക്ക് പോകാറാണ് പതിവ്.
ALSO READ: ബൈക്ക് ഒടുന്നത് സോളാറില്‍; നയാ പൈസ ചിലവില്ല; റോഡില്‍ വിപ്ലവമാകാന്‍ മുഹമ്മദ് ഷെരീഫിന്‍റെ പൾസർ