കോഴിക്കോട് : ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം. അവധി ദിനങ്ങൾ ആഘോഷിക്കാനായി ജില്ലയിലേക്ക് പുറപ്പെട്ടവരുടെ ബാഹുല്യവും വാഹനങ്ങൾ കേടുവന്നതും മൂലമാണ് ചുരത്തിൽ മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്ക് അനുഭവപ്പെട്ടത്. രാവിലെ മുതൽ തന്നെ വാഹനങ്ങളുടെ നീണ്ട നിരയാണ് ചുരത്തിൽ അനുഭവപ്പെട്ടത്.
ചുരം വ്യൂ പോയിന്‍റിൽ ഒരു വാഹനം കേടു വന്നതോടെയാണ് കുരുക്ക് തുടങ്ങിയത്. ഇതോടെ അവധി ദിനാഘോഷത്തിന് വയനാടിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പുറപ്പെട്ടവർ ചുരം കടക്കാൻ മണിക്കൂറുകളെടുത്തു. താഴെ ചിപ്പിലിത്തോട് മുതൽ വ്യൂ പോയിന്‍റ് വരെ വാഹനങ്ങളുടെ നീണ്ട നിരയുണ്ട്. ചുരത്തിൽ കുരുക്കിൽപെട്ട വാഹനങ്ങൾ നിയന്ത്രിക്കാൻ ഏതാനും പൊലീസുകാർ മാത്രമാണുണ്ടായത്.
നേരത്തെ ഗതാഗതക്കുരുക്ക് രൂപപ്പെട്ടാൽ നാട്ടുകാരുടെ നേതൃത്വത്തിലുള്ള സന്നദ്ധപ്രവർത്തകരാണ് ഗതാഗതം നിയന്ത്രിച്ച് ഗതാഗത കുരുക്ക് അവസാനിപ്പിച്ചിരുന്നത്. ചുരത്തിലെ ഗതാഗത പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ സന്നദ്ധ സംഘടനകളുടെ ആവശ്യമില്ലെന്ന് കോഴിക്കോട് ജില്ല കലക്‌ടറുടെ നിർദേശം വന്നതോടെ അതും നിലച്ചു.
കലക്‌ടറുടെ നിർദേശത്തിൽ പ്രതിഷേധിച്ച് ചുരത്തിൽ സേവനം ചെയ്‌തിരുന്ന സന്നദ്ധ പ്രവർത്തകർ ഇപ്പോൾ സഹകരിക്കാത്തതും ഗതാഗതകുരുക്ക് രൂക്ഷമാക്കി. ചുരത്തിലെ എല്ലാ പ്രതിസന്ധികളിലും സഹായവുമായി എത്താറുള്ള സന്നദ്ധ പ്രവർത്തകർക്ക് നിരോധനം ഏർപ്പെടുത്തിയത് വൻ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. അടിവാരം പൊലീസ് മാത്രമാണ് ഗതാഗതം നിയന്ത്രിക്കാനുണ്ടാവുന്നത്. ഇത് പൊലീസുകാർക്കും വലിയ പ്രയാസം സൃഷ്‌ടിക്കുന്നുണ്ട്. വരും ദിവസങ്ങളിലും ഇത് തന്നെയായിരിക്കും അവസ്ഥ.