പത്തനംതിട്ട: ശബരിമലയിൽ വൻ ഭക്തജനതിരക്ക്. തുലാമാസ പൂജകൾക്കായി നട തുറന്നതു മുതൽ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. അയ്യപ്പ ദർശനത്തിന് അനുഭവപ്പെടുന്ന വലിയ ഭക്തജന തിരക്ക് പരിഗണിച്ച് ശബരിമലയിലെ ഇന്നത്തെ ദർശന സമയം മൂന്ന് മണിക്കൂർ വർധിപ്പിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് നടയടക്കുന്നതിന് പകരം മൂന്നു മണി വരെ ഭക്തർക്ക് ദർശനസൗകര്യം ഉണ്ടായിരിക്കുന്നതാണ്. വൈകിട്ട് അഞ്ച് മണിക്ക് നട തുറക്കുന്നതിന് പകരം നാലുമണിക്ക് ദർശനത്തിനായി നട തുറക്കുമെന്നും ബോർഡ് അധികൃതർ അറിയിച്ചു.
മാസപൂജ സമയത്ത് മാത്രമാണ് ഉദയാസ്‌തമയ പൂജ, പടിപൂജ എന്നീ പൂജകൾ ശബരിമല ശ്രീധർമ്മ ശാസ്‌താക്ഷേത്രത്തിൽ നടക്കുന്നത്. ഈ പൂജകൾ നടക്കുന്ന സമയങ്ങളിൽ ക്ഷേത്ര നട തുറന്നിരിക്കുമെങ്കിലും ഉദയാസ്‌തമയ പൂജ സമയത്ത് രണ്ടു മണിക്കൂർ സോപാനത്തും പടിപൂജ സമയത്ത് രണ്ടു മണിക്കൂർ പതിനെട്ടാം പടി വഴിയും ഭക്തരെ കടത്തിവിടാനുള്ള പരിമിതി ഉണ്ട്. അതിനാൽ ഈ പൂജകളുടെ സമയക്രമങ്ങളോട് അയ്യപ്പഭക്തർ സഹകരിക്കണമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നടപ്പന്തലിലും പുറത്തുമായി ആയിരങ്ങളാണ് ദർശനത്തിനായി ക്യൂവിൽ കാത്ത് നില്‍ക്കുന്നത്. ശരംകുത്തി വരെ ക്യൂ നീളുന്നുണ്ട്. ഈ മാസം 21 വരെയാണ് തുലാമാസ പൂജ.
ശബരിമല ദർശനത്തിന് എത്തിയവരുടെ കണക്കുകൾ
ഇന്നത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് 52000 കടന്നു. മൂന്നു മണി വരെ മാത്രം 30000 നടുത്ത് ഭക്തര്‍ ശബരിമല ദര്‍ശനം നടത്തി. മുൻ വർഷങ്ങളേക്കാൾ ഇത് വളരെ കൂടുതലാണെന്ന് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസ് അറിയിച്ചു.
നട തുറന്ന 16 ആം തിയതി മാത്രം വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്‌തവരുടെ എണ്ണം 11965 ആണ്. 17 ന് 28959 പേർ, 18 ന് 53955 പേർ എന്നിങ്ങനെയും ബുക്കിങ് നടന്നു. 16 ന് നട തുറന്ന ശേഷം ഇതുവരെ 122001 ഭക്തര്‍ ദര്‍ശനം നടത്തി. ഇത് കഴിഞ്ഞ വര്‍ഷം തുലാമാസ പൂജാ ദിവസങ്ങളില്‍ ആകെ ദര്‍ശനം നടത്തിയ ഭക്തരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്.
Also Read: 'ഇത് ആഗ്രഹ സഫലീകരണം, അയ്യപ്പന്‍റെ അനുഗ്രഹം'; സന്തോഷം പങ്കിട്ട് നിയുക്ത ശബരിമല മേല്‍ശാന്തിയും കുടുംബവും