പത്തനംതിട്ട: ജില്ലയിൽ മഴക്കെടുതിയില്‍ രണ്ടു പേർ മരിച്ചു. ഒരാള്‍ ഒഴുക്കിൽപ്പെട്ട് കാണാതായി. അടൂർ പഴകുളത്ത് ഒഴുക്കിൽപ്പെട്ട ഇളമ്പള്ളിൽ പടത്തിൻതറയിൽ മണിയമ്മാൾ(75), പള്ളിക്കലാറ്റിൽ ഒഴുക്കിൽപ്പെട്ട മണക്കാല അട്ടക്കോട് ഗോവിന്ദൻ (63) എന്നിവരാണ് മരിച്ചത്. ബീഹാർ സ്വദേശി നരേഷ് (25)നെയാണ് ഒഴുക്കിൽ പെട്ട് കാണാതായത്.
കനത്ത മഴയിൽ ഇന്നലെ രാവിലെ വീടിന് അടുത്തുള്ള തോട്ടില്‍ വീണ് മണിയമ്മാളിനെ കാണാതാവുകയായിരുന്നു. മൃതദേഹം പാതിരാശ്ശേരി പാലത്തിന്‍റെ തൂണിൽ തങ്ങി നിൽക്കുന്നത് പ്രദേശവാസിയാണ് കാണുന്നത്. തുടർന്ന് അടൂർ അഗ്നിരക്ഷ സേന നടത്തിയ പരിശ്രമത്തിലൂടെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ഇന്നലെ രാത്രി 7.30 യോടെ ആണ് മൃതദേഹം പുറത്തെടുത്തത്.
പള്ളിക്കല്‍ ആറ്റില്‍ ചൂണ്ടയിടാൻ എത്തിയ ഗോവിന്ദൻ ആറ്റിലൂടെ ഒഴുകിപ്പോയ തേങ്ങയെടുക്കാന്‍ ശ്രമിക്കവെ ഒഴുക്കിൽ പെടുകയായിരുന്നു. ഇന്നലെ രാത്രി തിരച്ചിൽ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് അഗ്‌നിരക്ഷ സേന തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു. ഇന്ന് രാവിലെ അഗ്നിരക്ഷ സേനയും സ്‌കൂബ ടീമും ചേർന്ന് നടത്തിയ തിരച്ചിലിൽ വെളളത്തില്‍ വീണിടത്തു നിന്ന് ഒരു കിലോമീറ്റർ അകലെ താഴത്തുമൺ കടവിൽ നിന്ന് മൃതദേഹം കണ്ടെത്തി.
ഇന്നലെ വൈകിട്ട് മണിമലയാറ്റിലെ കോമളം കടവിൽ നീന്തുന്നതിനിടെ അതിഥിത്തൊഴിലാളി ഒഴുക്കില്‍പ്പെടുകയായിരുന്നു. നരേഷ് ഉൾപ്പെടെ 4 പേരാണ് കടവില്‍ നീന്താന്‍ എത്തിയത്. രണ്ടു പേർ നീന്തി മറുകരയിൽ എത്തിയെങ്കിലും നരേഷ് ഒഴുക്കിൽപ്പെടുകയായിരുന്നു. ഫയർ ഫോഴ്‌സും സ്‌കൂബ ടീമും ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടത്താനായില്ല. ഇന്ന് രാവിലെ മുതൽ തിരച്ചിൽ പുനരാരംഭിച്ചിട്ടുണ്ട്.
ALSO READ:ഇരുവഞ്ഞി പുഴയിൽ മലവെള്ളപ്പാച്ചിൽ ; ചാലിയാറിലും ജലനിരപ്പ് ഉയർന്നു