തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ഓഗസ്‌റ്റ് 1) അവധി പ്രഖ്യാപിച്ചു. പാലക്കാട്, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, വയനാട്, കാസര്‍കോട്, ഇടുക്കി ജില്ലകളിലെയും കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. അതേസമയം അഞ്ച് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്.
പ്രൊഫഷണൽ കോളജുകൾ, സ്‌റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്‌സി സ്‌കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല. അതേസമയം ജൂലൈ 31 മുതൽ ഓഗസ്‌റ്റ് 2 വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പിഎസ്‍സി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
അഭിമുഖത്തിന് മാറ്റമില്ല. എന്നാൽ ദുരന്ത ബാധിത പ്രദേശത്ത് നിന്ന് അഭിമുഖത്തിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം നൽകുമെന്നും പിഎസ്‍സി അറിയിച്ചു. എറണാകുളം ജില്ലയിൽ കഴിഞ്ഞ രണ്ട് ദിവസമായി ഇടവിട്ട് പെയ്യുന്ന ശക്തമായ മഴ ബുധനാഴ്‌ച (ജൂലൈ 31) ഉച്ചയോടെ കുറഞ്ഞു. ജില്ലയിൽ ഇന്ന് (ഓഗസ്‌റ്റ് 1) യെല്ലോ അലർട്ടാണ്. കഴിഞ്ഞ രണ്ട് ദിവസമായുണ്ടായ ശക്തമായ കാറ്റിലും മഴയിലും വിവിധ സ്ഥലങ്ങളിൽ വീടുകൾക്ക് ഭാഗികമായി നാശനഷ്‌ടം ഉണ്ടായിട്ടുണ്ട്.
ശക്തമായ മഴയും നീരൊഴുക്കും കാരണം ഭൂതത്താൻകെട്ട് ബാരേജിലെ വെള്ളം ക്രമാതീതമായി ഉയരുകയും നിലവിൽ എല്ലാ ഷട്ടറുകളും ഉയർത്തി പെരിയാറിലേക്ക് ജലം ഒഴുക്കി വിടുന്നുണ്ട്. പെരിയാറിലെ ജലനിരപ്പ് ഉയർന്നതിന്‍റെ ഭാഗമായി ആലുവ, കുന്നത്തുനാട്, പറവൂർ, കോതമംഗലം താലൂക്കുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളിലെ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം പെരിയാറിൽ ജലനിരപ്പ് താഴുന്നുണ്ട്. മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
Also Read: ദുരിതം പെയ്‌ത രാവ്, മണ്ണും കല്ലും ചെളിയും ഒലിച്ചെത്തി; മുണ്ടക്കൈ ദുരന്തത്തിന്‍റെ കാരണം അറിയാം