കോഴിക്കോട് : അർധരാത്രി മുതൽ മഴയ്ക്ക് അല്‍പം ശമനം ഉണ്ടെങ്കിലും ചാലിയാറിലെയും ചെറുപുഴയിലെയും വെള്ളത്തിൻ്റെ നില കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ എല്ലാം ഇപ്പോഴും വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയാണ്. നാലുദിവസമായി വീടുകളിൽ കയറിയ വെള്ളം ഇതുവരെ ഇറങ്ങിയിട്ടില്ല.
ഗ്രാമീണ റോഡുകളെല്ലാം ഇപ്പോഴും വെള്ളത്തിനടിയിൽ തന്നെയാണ്. ദിവസങ്ങളായി മാവൂർ ചാത്തമംഗലം പെരുവയൽ പഞ്ചായത്തുകളിലെ വയലുകളിലെ വാഴ കൃഷികളും വെള്ളത്തിൽ മുങ്ങി കിടക്കുകയാണ്. കർഷകർക്കും വലിയ നഷ്‌ടമാണ് ഉണ്ടായത്.
സാധാരണ വെള്ളപ്പൊക്ക സമയത്ത് മഴ ശമിക്കുമ്പോൾ വെള്ളം പെട്ടെന്ന് ഇറങ്ങാറുണ്ട്. എന്നാൽ ഇത്തവണ മഴ കുറയുമ്പോഴും പുഴവെള്ളം കയറിയ മേഖലകളിൽ കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ വൈകുന്നേരം മുതൽ കനത്ത കാറ്റും മഴയും ആണ് മാവൂർ മേഖലയിൽ ഉണ്ടായത്. വെള്ളം കയറിയ മാവൂർ ഭാഗങ്ങളിലെ ചില സ്‌കൂളുകൾക്ക് അപകട ഭീഷണി മുൻനിർത്തി പ്രാദേശികമായ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ALSO READ: കോഴിക്കോട് വെള്ളപ്പൊക്കദുരിതം തുടരുന്നു; വ്യാപക നാശനഷ്‌ടം