എറണാകുളം: പോക്‌സോ നിയമം ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. പൊലീസിന് ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയ ഹൈക്കോടതി ബന്ധപ്പെട്ട കോടതികൾ ജാഗ്രത പുലർത്തണമെന്നും ഓർമ്മിപ്പിച്ചു.
പലപ്പോഴും വ്യക്തികൾ തമ്മിലുള്ള മത്സരത്തിന്‍റെ പേരിലോ, വൈവാഹിക പ്രശ്‌നങ്ങളിലോ പോക്സോ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. വിവാഹമോചനക്കേസുകളിൽ പിതാവിന് കുട്ടിയുടെ സംരക്ഷണാവകാശം നിഷേധിക്കപ്പെടാൻ ഇതു കാരണമാകുന്നുണ്ടെന്നും ഹൈക്കോടതി വിലയിരുത്തി.
പോക്‌സോ കേസിലെ അന്തിമ റിപ്പോർട്ടും നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് വയനാട് സ്വദേശി നൽകിയ ഹർജിയിലാണ് കോടതി നിരീക്ഷണം. സ്വന്തം വീടിന്‍റെ നടുമുറ്റത്ത് നിൽക്കുകയായിരുന്ന പെൺകുട്ടിയോട് ഹർജിക്കാരൻ അശ്ലീലച്ചുവയോട് കൂടി വാക് പ്രയോഗം നടത്തിയെന്നും നാവുകൊണ്ട് ലൈംഗികോദ്ദേശത്തോടു കൂടി ആംഗ്യം കാട്ടിയെന്നുമായിരുന്നു കേസ്.
വീടിന്‍റെ നടുമുറ്റം പൊതു സ്ഥലമല്ലെന്നു വിലയിരുത്തിയ കോടതി, അശ്ലീല വാക്കിലും, ആംഗ്യത്തിലും ലൈംഗികോദ്ദേശമുണ്ടെന്നു പ്രോസിക്യൂഷന് പുറത്തു കൊണ്ടു വരാൻ സാധിച്ചിട്ടില്ലെന്നും വ്യക്തമാക്കി. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഹർജിക്കാരനും ഇരയുടെ പിതാവും തമ്മിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. തുടർന്ന് ഹർജിക്കാരനെതിരായ കേസ് നടപടികൾ ഹൈക്കോടതി റദ്ദാക്കി.