മലപ്പുറം : പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസിൽ നജീബ് കാന്തപുരത്തിന് ആശ്വാസം. എംഎൽഎയായി തുടരാം. നജീബ് കാന്തപുരത്തിന്‍റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇടത് സ്ഥാനാർഥി കെപിഎം മുസ്‌തഫ നൽകിയ ഹർജി ഹൈക്കോടതി തള്ളി.
നജീബ് കാന്തപുരത്തിന്‍റെ വിജയം റദ്ദാക്കണമെന്നായിരുന്നു ഹർജിക്കാരന്‍റെ ആവശ്യം. സീൽ ചെയ്‌ത തെരഞ്ഞെടുപ്പ് സാമഗ്രികൾ ഹൈക്കോടതി നേരത്തെ വിളിച്ചു വരുത്തി പരിശോധിച്ചിരുന്നു. തപാൽ ബാലറ്റുകളടങ്ങിയ പെട്ടികളിൽ കൃത്രിമം നടന്നതായി തെരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
അഞ്ചാം ടേബിളിൽ എണ്ണിയ 482 സാധുവായ ബാലറ്റുകൾ കാണാനില്ല. നാലാം ടേബിളിലെ അസാധുവായ ബാലറ്റുകളുടെ ഒരു പാക്കറ്റിന്‍റെ പുറത്തുള്ള കവർ കീറിയ നിലയിലാണെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടിയിരുന്നു.
ഉദ്യോഗസ്ഥർക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ടിൽ പരാമർശം നടത്തിയിരുന്നു. ബാലറ്റുകൾ സൂക്ഷിച്ചത് സുരക്ഷിതമല്ലാത്ത രീതിയിലാണ്. പെട്ടികൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്‌ച പറ്റി.
കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ജോയിന്‍റ് റജിസ്ട്രാർ അടക്കമുള്ളവർക്ക് ഉത്തരവാദിത്തമുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ബാലറ്റ് പെട്ടി ഹാജരാക്കാൻ ആവശ്യപ്പെട്ട സമയം സ്ട്രോങ് റൂം തുറന്നപ്പോഴായിരുന്നു ഒരു ബാലറ്റ് പെട്ടി കാണാതായത്. പെട്ടി പിന്നീട് മലപ്പുറം സഹകരണ സംഘം ജോയിന്‍റ് രജിസ്ട്രാറുടെ ഓഫിസിൽ നിന്ന് കണ്ടെത്തിയിരുന്നു.
Also Read: വോട്ടുപെട്ടി കാണാതായ സംഭവം : പിന്നില്‍ വലിയ ഗൂഢാലോചനയെന്ന് നജീബ് കാന്തപുരം എംഎൽഎ