എറണാകുളം: ശബരിമല സന്നിധാനത്തെ ഡോണർ റൂം പൂട്ടിക്കിടക്കുന്ന സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ വിമർശനം. പ്രത്യേക പരിഗണന ആർക്കും പാടില്ലെന്ന് പറഞ്ഞതല്ലേയെന്ന് കോടതി ചോദിച്ചു. ഭക്തർക്ക് കിടക്കാൻ സ്ഥലമില്ലാത്തപ്പോഴാണ് ഡോണർ റൂം പൂട്ടിയിട്ടതെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സംഭവം ഗൗരവകരമെന്നും പറഞ്ഞ കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ സമീപനം അംഗീകരിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി. മറുപടി നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് സാവകാശം തേടിയതിനെ തുടർന്ന് വിഷയം ഹൈക്കോടതി നാളത്തേക്ക് മാറ്റി. ഡോണർ കരാറിലെ അനുവദനീയമായ ദിവസത്തിൽ കൂടുതൽ താമസം പാടില്ലെന്ന് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നതാണ്.
കൂടാതെ ദേവസ്വവും പൊലീസും ഇക്കാര്യം ഉറപ്പാക്കണമെന്നും പ്രത്യേക പരിഗണന ഒരു ഭക്തനുമില്ലെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. അതിനിടെ സന്നിധാനത്തെ മേൽപ്പാലത്തിൽ നിന്ന് താഴേക്ക് ചാടി അയ്യപ്പഭക്തൻ മരിച്ച സംഭവത്തിൽ റിപ്പോർട്ട് നൽകാൻ സന്നിധാനം സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് ഹൈക്കോടതി നിർദേശം നൽകി.