ഇടുക്കി : തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ജാതി, മത സ്‌പര്‍ധ വളര്‍ത്തുന്നതും വിദ്വേഷം ജനിപ്പിക്കുന്നതുമായ രീതിയില്‍ പ്രചാരണം നടത്തരുതെന്നും അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റച്ചട്ട ലംഘനമാണെന്നും ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ല കലക്‌ടര്‍ അറിയിച്ചു.
വിവിധ ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നതും നിലവിലുള്ള ഭിന്നതകള്‍ക്ക് ആക്കം കൂട്ടുന്നതുമായ പ്രചാരണങ്ങള്‍ ഒഴിവാക്കണം. രാഷ്ട്രീയ പാര്‍ട്ടികളെക്കുറിച്ചുള്ള വിമര്‍ശനം അവരുടെ നയങ്ങളിലും പരിപാടികളിലും മുന്‍കാല പ്രവര്‍ത്തനങ്ങളിലും മാത്രമായി പരിമിതപ്പെടുത്തണം.
മറ്റു പാര്‍ട്ടികളിലെ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പൊതു പ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത കാര്യങ്ങളെക്കുറിച്ചും സ്വകാര്യജീവിതത്തെക്കുറിച്ചും പാര്‍ട്ടികളും സ്ഥാനാര്‍ഥികളും വിമര്‍ശിക്കരുത്. അടിസ്ഥാനരഹിതവും വളച്ചൊടിച്ചതുമായ ആരോപണങ്ങള്‍ ഉന്നയിച്ച് മറ്റു പാര്‍ട്ടികളെയും പ്രവര്‍ത്തകരെയും വിമര്‍ശിക്കരുത്.
ജാതി-മത വികാരങ്ങള്‍ ഇളക്കിവിട്ട് വോട്ട് സ്വാധീനിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളും പാടില്ല. ജാതിയുടെ പേരിലും സമുദായത്തിന്‍റെ പേരിലും വോട്ട് ചോദിക്കാന്‍ പാടില്ല. ആരാധന സ്ഥലങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയായി ഉപയോഗിക്കുന്നതും പെരുമാറ്റച്ചട്ട ലംഘനമാണ്.