ഇടുക്കി: ക്യാൻസർ എന്ന മഹാ രോഗത്തെ തോൽപ്പിച്ച് ക്രാഫ്റ്റ് വർക്കിൽ കൗതുകമൊരുക്കുകയാണ് അയ്യപ്പൻകോവിൽ പച്ചക്കാട് സ്വദേശി കെ ജെ ജോസഫ്. വീട് മുഴുവൻ ക്രാഫ്റ്റ് വർക്കുകൾ ഇടംപിടിച്ചതിനൊപ്പം, വീട്ടിലെ സ്‌പൂൺ മുതൽ ഇരിപ്പിടങ്ങൾ വരെ ജോസഫിന്‍റെ വിരലുകളിൽ ജന്മം കൊണ്ടവയാണ്. തടിയിലുള്ള ലക്ഷങ്ങൾ വിലമതിക്കുന്ന വിവിധ ശില്‍പങ്ങളാണ് കെജെ ജോസഫിന്‍റെ വീട്ടിൽ കാണാൻ സാധിക്കുന്നത്.
വീട്ടിലെത്തുന്ന അതിഥികളെ ആദ്യം തന്നെ സന്തോഷത്തോടെ പൊട്ടിച്ചിരിക്കുന്ന മുഖവുമായി ജോസഫ് ചേട്ടൻ സ്വീകരിക്കും. വീട്ടിലെത്തുന്ന ഏതൊരു അതിഥിയുടെയും കണ്ണുകൾ പിന്നീട് പോകുന്നത് വീടിന്‍റെ വിവിധ ഇടങ്ങളിൽ ഇടംപിടിച്ച വിവിധ ശില്‍പങ്ങളിലേക്കാണ്. സ്‌പൂൺ മുതൽ നിലവിളക്ക്, ഇരിപ്പടിങ്ങൾ തുടങ്ങിയവയെല്ലാം ജോസഫ് ചേട്ടൻ തടിയിൽ തീർത്തിരിക്കുന്നു.
വീടിന്‍റെ 50 ശതമാനം പണികളും തടിക്കൊണ്ട് ആകർഷണമാക്കിയിരിക്കുകയാണ്. വീട്ടിലെ നൂറുകണക്കിന് വ്യത്യസ്‌തങ്ങളായ ശില്‍പങ്ങൾക്ക് പുറമേ അങ്ങ് ലണ്ടണിലേ ക്ഷേത്രത്തിലെ ശ്രീനാരായണ ഗുരു പ്രതിഷ്‌ഠ പോലും ജോസഫ് ചേട്ടന്‍റെ കൈവിരലാൽ ജന്മമെടുത്തതാണ്. മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ള നിരവധി പ്രമുഖർക്കും ജോസഫ് ചേട്ടൻ വിവിധ ശില്‍പങ്ങൾ നിർമ്മിച്ചു നൽകിയിട്ടുണ്ട്.
വീട്ടിലെത്തുന്ന ആളുകൾക്ക് ആകർഷണം തോന്നിയ ചിലത് മേടിക്കാൻ വില ചോദിച്ചാൽ വിൽക്കില്ല എന്ന വാചകമാണ് മറുപടി ലഭിക്കുക. അത്രയും സ്നേഹ പരിചരണമാണ് തന്‍റെ കലകൾക്ക് ജോസഫ് നൽകുന്നത്. കയ്യിൽ കിട്ടുന്ന ഏതൊരു തടി വസ്‌തുവും വെറുതെ വിടില്ല. ആലോചനകൾക്ക് ശേഷം മനസിൽ ആശയം ഉദിച്ചാൽ ലഭിക്കുന്ന വസ്‌തുവിൽ ഒരു ശിൽപം കടഞ്ഞെടുക്കും. ചുള്ളിക്കമ്പുകൾ മുതൽ ചിരട്ടയും വൃക്ഷങ്ങളുടെ ഉണക്ക കായ്‌കളും എല്ലാം ഇത്തരത്തിൽ ഓരോരോ ആകർഷണീയ വസ്‌തുക്കളായി മാറിയിരിക്കുകയാണ്.
ഒരു വസ്‌തു ഉണ്ടാക്കി കഴിഞ്ഞാൽ പിന്നെ അതിന് സാമ്യമുള്ള മറ്റൊന്ന് നിർമ്മിക്കുകയില്ല എന്നതാണ് ജോസഫ് ചേട്ടന്‍റെ പ്രത്യേകത. അതുകൊണ്ടുതന്നെ വ്യത്യസ്‌തങ്ങളായ ക്രാഫ്റ്റ് വർക്കുകളാണ് ഇവിടെ നിന്നും കാണാൻ സാധിക്കുന്നത്. ഏതൊരു ചെറിയ വസ്‌തുവിനെയും ആകർഷണീയത പകരുന്ന കരകൗശല വസ്‌തുക്കൾ ആക്കി മാറ്റാൻ സാധിക്കുന്നു. ഉറുമ്പും എട്ടുകാലിയും മുതൽ പാമ്പുകളും മീനുകളും വരെ ജീവൻ തുടിക്കുന്ന തരത്തിൽ നിർമ്മിച്ചിരിക്കുന്നു.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആകാംക്ഷയും കൗതുകവും പകരുന്ന ശില്‍പങ്ങളാണ് നിർമ്മിച്ചിരിക്കുന്നത്. നിർമാണത്തിൽ പ്രത്യേക സമയ ചിട്ടകൾ ഒന്നുമില്ല. നിർമ്മിക്കാം എന്ന് ചിന്ത തുടങ്ങിയാൽ പിന്നെ എത്ര താമസമെടുത്താലും ഏറ്റവും മികച്ച ശില്‍പങ്ങൾ മെടഞ്ഞെടുക്കും. വിവിധ സ്ഥാപനങ്ങൾക്കും സംഘടനകൾക്കും ഉപഹാരങ്ങളും ജോസഫ് ചേട്ടൻ നിർമ്മിച്ചു നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നിരവധി ആളുകളാണ് ഈ കൗതുക കാഴ്‌ച നേരിട്ട് കാണുവാൻ ചപ്പാത്ത് പച്ചക്കാട്ടിലെ കണിയാംജ്ഞാലിയിൽ ജോസഫ് ചേട്ടന്‍റെ വീട്ടിലെത്തുന്നത്.
രണ്ട് പതിറ്റാണ്ടിനു മുമ്പ് വെറുതെ ഇരുന്നപ്പോൾ തോന്നിയ ചിന്തയിലാണ് ശില്‍പങ്ങൾ നിർമ്മിക്കാൻ തുടങ്ങിയത്. നിർമ്മിച്ചവയെല്ലാം അതിമനോഹരമായതോടെ പ്രോത്സാഹനങ്ങളും ഏറി വന്നു. അതോടെ കൂടുതൽ ശ്രദ്ധ നിർമ്മാണ രംഗത്തേക്ക് പുലർത്തി. അതിനിടയിൽ ക്യാൻസർ എന്ന മഹാ രോഗത്തിന് ഒരല്‍പം കീഴടങ്ങേണ്ടി വന്നു. എന്നാൽ മഹാരോഗത്തെ തോൽപ്പിച്ച് ജീവിതം മുന്നേറിയതിന്‍റെ കൂട്ടത്തിൽ ശില്‍പങ്ങൾ കൊത്താനുള്ള തന്‍റെ കഴിവും നെഞ്ചോട് ചേർത്തു.
പിന്നീട് കരകൗശല നിർമ്മാണ രംഗത്ത് വലിയ മുന്നേറ്റമാണ് ജോസഫ് ചേട്ടൻ നടത്തിയത്. എത്ര കണ്ടാലും മതിവരാത്തത്ര വ്യത്യസ്‌ത ശില്‍പങ്ങൾ ഇന്ന് ഇദ്ദേഹത്തിന്‍റെ പക്കൽ ഉണ്ട്. ഭാര്യയും മക്കളും നൽകുന്ന പ്രോത്സാഹനമാണ് ഇദ്ദേഹത്തിന്‍റെ കരുത്ത്. ഇപ്പോൾ പുതിയ ചുമർ ശില്‍പങ്ങൾ കൊത്തിയെടുക്കുന്ന തിരക്കിലാണ് പച്ചക്കാടുകാരുടെ സ്വന്തം ജോസഫുചേട്ടൻ.
Also Read: പാഴൊന്നും ഇവിടെ പാഴാവില്ല; ചിരട്ടയില്‍ നിത്യയുടെ കരകൗശല വിസ്‌മയം