തിരുവനന്തപുരം: 5 ശതമാനം ബുദ്ധിമാന്ദ്യം, കേള്‍വി, കാഴ്‌ച, സംസാരം എന്നിവയില്‍ വൈകല്യം. ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ പ്രശാന്തിന്‍റെ അച്‌ഛൻ ചന്ദ്രനെയും അമ്മ സുഹിതയെയും ഡോക്‌ടർമാരുടെ സംഘമറിയിച്ചത് മാസങ്ങൾക്കകം മകൻ മരണപ്പെടുമെന്ന ഞെട്ടിക്കുന്ന വാർത്തയാണ്. 24 വർഷങ്ങൾക്കപ്പുറം പ്രശാന്തിന്‍റെ അച്‌ഛൻ ചന്ദ്രന്‍റെ ഓർമകളിൽ ഇപ്പോഴും തെളിഞ്ഞു നിൽക്കുന്നു വൈദ്യ സംഘത്തിന്‍റെ ഈ വാക്കുകൾ.
ഏഴാം വയസിൽ മുറിയിലെ കലണ്ടർ വലിച്ചു കീറി കളയുന്ന പ്രശാന്തിന്‍റെ 'ദുശീലം' ചെറിയ തലവേദനയല്ല മാതാപിതാക്കൾക്കുണ്ടാക്കിയത്. ഡിസംബർ മാസത്തിലും പുതിയ കലണ്ടർ തേടി അലഞ്ഞ കഥയിൽ നിന്നു ഡോ പ്രശാന്തിന്‍റെ അത്ഭുത യാത്ര പറഞ്ഞു തുടങ്ങുകയാണ് തിരുവനന്തപുരം കരമന സ്വദേശിയായ പിതാവ് ചന്ദ്രൻ.
എ ഡി ഒന്ന് മുതൽ പത്ത് കോടി വർഷം വരെയുള്ള എല്ലാ ദിവസവും ഇന്ന് പ്രശാന്തിന് മനപാഠമാണ്. ഒരു മാസത്തെ കലണ്ടർ തയ്യാറാക്കാൻ വേണ്ടത് വെറും 30 സെക്കന്‍റ് സമയം. ഓണവും വിഷുവും ഉൾപ്പെടെയുള്ള ആഘോഷ ദിവസങ്ങൾ ഏത് ആഴ്‌ചയാണെന്ന് ഓർത്തെടുക്കാനും എഴുതി കാണിക്കാനും ഒറ്റ സെക്കന്‍റ് മതി. പ്രശാന്തിന്‍റെ അസാമാന്യ പ്രതിഭയെ അളക്കാൻ ഇറങ്ങി പുറപ്പെട്ട് തോറ്റു മടങ്ങിയ ഗിന്നസ് സംഘത്തിന്‍റെ കഥയും ചെറിയൊരു പുഞ്ചിരിയോടെയാണ് അച്‌ഛൻ ഓർക്കുന്നത്. ഗൂഗിളിന്‍റെ കൈവശം പോലും എ ഡി പത്ത് കോടി എന്ന വർഷത്തിന്‍റെ കലണ്ടറില്ല.
സ്വന്തം ശരീരം അളവ് കോലാക്കി അന്തരീക്ഷത്തിലെ ഊഷ്‌മാവ് കൃത്യമായി പറയാനും പ്രശാന്തിന് കഴിയും. സംഗീതമാണ് ഏറെയിഷ്‌ടപ്പെട്ട മറ്റൊരു ഹോബി. വർഷാ വർഷം കുറയുന്ന കേൾവി ശക്തി വില്ലനാണെങ്കിലും താളമൊന്ന് പിടികിട്ടിയാൽ പിന്നെ പിയാനോയിൽ വിസ്‌മയം തീർക്കും.
പരിമിതികളിൽ തളരാത്ത ഈ അസാമാന്യ പ്രതിഭയെ ലണ്ടൻ സർവകലാശാല ഹോണററി ബിരുദം നൽകിയാണ് ആദരിച്ചത്. ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡസ് ഉൾപ്പെടെയുള്ള 50 ലധികം നേട്ടങ്ങളാണ് സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും ഇക്കാലയളവിൽ പ്രശാന്തിനെ തേടിയെത്തിയത്.
Also Read : ചന്ദ്രന്‍റെ സൂര്യകാന്തി സൂപ്പർ ഹിറ്റ്; മാളയിലെ കോൾക്കുന്നിലേക്ക് സന്ദർശക പ്രവാഹം