കോഴിക്കോട്: ഹൈവേ നിര്‍മാണത്തില്‍ വീടും സ്ഥലവും നഷ്‌ടമാകുന്നവര്‍ക്ക് നഷ്‌ടപരിഹാരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് വോട്ട് ബഹിഷ്‌കരണ മുന്നറിയിപ്പുമായി ഹൈവേ ആക്ഷൻ കമ്മിറ്റി. കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേ നിർമ്മാണത്തിന് വേണ്ടി സ്ഥലവും സ്ഥാപനങ്ങളും വീടുകളും വിട്ടു നൽകിയവരാണ് വോട്ട് ബഹിഷ്‌കരണത്തിലേക്ക് നീങ്ങുന്നത്.
ഹൈവേ ആരംഭിക്കുന്ന കോഴിക്കോട് കൂടത്തുംപാറ മുതൽ പെരുമണ്ണ പഞ്ചായത്തിൻ്റെ അതിർത്തിയായ ചാലിയാർ പുഴയോരത്തെ പുറ്റെകടവ് വരെയുള്ള ഗ്രീൻഫീൽഡ് ഹൈവേ ഇരകള്‍, തങ്ങള്‍ നേരിടുന്ന അവഗണനയില്‍ പ്രതിഷേധിച്ച് വോട്ട് ബഹിഷ്ക്കരണം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
ഗ്രീൻഫീൽഡ് ഹൈവേ ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് വോട്ട് ബഹിഷ്‌ണരണത്തിന് തീരുമാനമെടുത്തത്. ഏപ്രിൽ 15-നകം നഷ്‌ടപരിഹാര തുക കൈമാറുന്നത് സംബന്ധിച്ച് വ്യക്തമായ തീരുമാനം അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെങ്കിൽ വോട്ട് ബഹിഷ്‌കരിക്കാൻ ആണ് ഇരകളുടെ തീരുമാനം.
ഗ്രീൻഫീൽഡ് ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് 675 ആധാരങ്ങളാണ് ഹൈവേ അതോറിറ്റിക്ക് കൈമാറിയിട്ടുള്ളത്. ഇതിൽ 413 പേർക്ക് നഷ്‌ടപ്പെട്ട സ്ഥലത്തിനുള്ള പണം നേരത്തെ കൈമാറിയിട്ടുണ്ട്. എന്നാൽ വീടുകൾക്കോ മറ്റു വസ്‌തുക്കൾക്കോ ഉള്ള പണം കൈമാറിയിരുന്നില്ല.
കൂടാതെ, ബാക്കിയുള്ളവർക്ക് യാതൊരു വിധത്തിലുള്ള നഷ്‌ടപരിഹാര തുകയും ഇതുവരെ നൽകിയിട്ടില്ല. ഓരോരുത്തരും അവരുടെ ആധാരങ്ങൾ ഗ്രീൻഫീൽഡ് ഹൈവേ അതോറിറ്റിക്ക് കൈമാറിയത് കൊണ്ട് തന്നെ ബാങ്കുകളിൽ നിന്ന് ലോണോ മറ്റ് ആനുകൂല്യങ്ങളോ ഒന്നും വാങ്ങാൻ പറ്റാത്ത അവസ്ഥയാണുള്ളത്. പല കുടുംബങ്ങളിലെയും അംഗങ്ങളുടെ വിവാഹവും വിദ്യാഭ്യാസവും മുടങ്ങുന്നതിന് ഇത് കാരണമായിട്ടുണ്ട്.
313 വീടുകളാണ് കോഴിക്കോട് പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേ നിർമിക്കുമ്പോൾ പൊളിച്ച് നീക്കുന്നത്. ഇതിന് പുറമേ ഹൈവേ നിർമ്മാണം നടക്കുമ്പോൾ പ്രദേശത്തെ അറുപത്തെട്ട് കച്ചവടക്കാർക്ക് സ്ഥാപനങ്ങൾ നഷ്‌ടമാകും. ഈ വ്യാപാരികളുടെ നിലനിൽപ്പ് തന്നെ ഇല്ലാതാകുന്ന അവസ്ഥയുണ്ട്. ഇവരുടെ നഷ്‌ടം എങ്ങനെ നികത്താം എന്ന കാര്യത്തിലും ഇതുവരെ യാതൊരു തീരുമാനവും എടുത്തിട്ടില്ല.
ഇതൊക്കെ മുൻനിർത്തിയാണ് ജില്ലാ ഭരണകൂടത്തിന്‍റെ അനാസ്ഥ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിലേക്ക് എന്ന ആശയമുയർത്തി പാലക്കാട് കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ വോട്ട് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചത്.
പെരുമണ്ണ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ജനറൽബോഡി യോഗത്തിന് ശേഷം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ അണിനിരന്ന പ്രതിഷേധ റാലിയും നടന്നു.