തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്നും ശമ്പളം ലഭിച്ചില്ല. പ്രശ്‌നം നാളെയോടെ പരിഹരിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം(Govt employees).
മൂന്ന് ലക്ഷത്തോളം ജീവനക്കാര്‍ക്കാണ് ശമ്പളം കിട്ടാനുള്ളത്. ജീവനക്കാരുടെ ട്രഷറി അക്കൗണ്ടില്‍ ശമ്പളമെത്തിയിട്ടുണ്ട്. എന്നാല്‍ ഇത് ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് മാറ്റാനുള്ള സാങ്കേതിക തടസമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് ധനവകുപ്പിന്‍റെ വിശദീകരണം. എന്നാല്‍ ട്രഷറിയില്‍ പണം നിലനിര്‍ത്തി ഓവര്‍ ഡ്രാഫ്റ്റ് പ്രതിസന്ധി നിയന്ത്രിക്കാനുള്ള നീക്കമാണോയെന്ന് ജീവനക്കാര്‍ക്ക് സംശയമുണ്ട്(salary issue).
സംസ്ഥാന ചരിത്രത്തിലാദ്യമായിട്ടാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഒന്നാം തീയതി മുടങ്ങുന്നത്. അഞ്ചേകാല്‍ ലക്ഷം സര്‍ക്കാര്‍ ജീവനക്കാരാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ ആദ്യ ദിവസം ശമ്പളം ലഭിക്കുന്ന സെക്രട്ടറിയേറ്റ്, റവന്യു, പൊലീസ്, ട്രഷറി, ജിഎസ്ടി വകുപ്പുകളിലെ ഒരു ലക്ഷത്തോളം ജീവനക്കാരെയാണ് പ്രതിസന്ധി ബാധിച്ചത്. അക്കൗണ്ടില്‍ ശമ്പളമെത്തിയതായി കാണിക്കുന്നുവെങ്കിലും തുക ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാന്‍ കഴിയുന്നില്ലെന്നാണ് പരാതി.
ഒന്നാം തീയതി നല്‍കാനുള്ള പെന്‍ഷന്‍ തുകയും മുടങ്ങിയിരുന്നു. അഞ്ച് ലക്ഷം പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ തുകയില്‍ ഒന്നേകാല്‍ ലക്ഷം പേരുടെ അക്കൗണ്ടുകളിലേക്കുള്ള തുക വൈകിട്ട് അഞ്ചു മണിക്കാണ് ട്രഷറിയിലെത്തുന്നത്. ട്രഷറിയില്‍ നിന്ന് നേരിട്ട് പെന്‍ഷന്‍ കൈപ്പറ്റുന്നവരെ ഇതു ബാധിച്ചിട്ടില്ല.
Also Read; സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം : സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം മുടങ്ങി