തിരുവനന്തപുരം: കോട്ടയം നഗരത്തില്‍ കഴിഞ്ഞ 10 വര്‍ഷമായി മുടങ്ങിക്കിടക്കുന്ന സ്‌കൈ വാക്ക് പദ്ധതിയുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ നിയമസഭയിൽ അറിയിച്ചു. ഇതു സംബന്ധിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.കോട്ടയം നഗരത്തിലെ സ്‌കൈ വാക്ക് പദ്ധതിക്ക് റോഡ് സേഫ്‌റ്റി പദ്ധതിയുമായി ഒരു ബന്ധവുമില്ല.
ഇത് ചങ്ങനാശേരി ആസ്ഥാനമായ ഒരു സ്വകാര്യ കമ്പനിയുടെ ആശയമായിരുന്നു. എറണാകുളത്തെ ബിനാലെയ്‌ക്ക് വന്ന കലാകാരന്‍ എംഎല്‍എയുമായുള്ള ബന്ധം കൊണ്ട് നിര്‍മ്മിച്ച ശില്‍പ്പമാണിതെന്നാണ് മന്ത്രിയാകും വരെ താനും കരുതിയിരുന്നത്. ഇത് പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് ഒരു വ്യക്തി ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി സര്‍ക്കാരിന് നോട്ടിസ് നല്‍കിയിരിക്കുകയുമാണ്.
കോടതി നിര്‍ദേശ പ്രകാരം കലക്‌ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇതിന്‍റെ പണി പൂര്‍ത്തിയാക്കണമെങ്കിൽ കോട്ടയം നഗരത്തില്‍ കോടിക്കണക്കിന് രൂപയുടെ സ്ഥലം ഏറ്റെടുക്കണമെന്നാണ്. കാശ് കൊടുത്ത് സ്ഥലം ഏറ്റെടുക്കാന്‍ റോഡ് സുരക്ഷ അതോറിറ്റിക്ക് അധികാരമില്ല. പുതിയ എസ്റ്റിമേറ്റ് പ്രകാരം 17.85 കോടി രൂപ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ആവശ്യമായി വരും. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്ഥലം ഏറ്റെടുത്തു നല്‍കാനാകില്ലെന്ന് കലക്‌ടര്‍ അറിയിച്ചിട്ടുണ്ട്.
നിലവിലെ സാഹചര്യത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയാല്‍ അത് ജങ്ഷന്‍റെ മധ്യത്തിലാകും. ഭാവിയില്‍ കോട്ടയം നഗരത്തിലുണ്ടാകുന്ന വികസനങ്ങളുടെ ഭാഗമായി ഇത് പൊളിച്ചു മാറ്റേണ്ടിയും വരും. അതുകൊണ്ട് 17 കോടി രൂപ മുടക്കാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യമല്ല.
തിരുവഞ്ചൂര്‍ വനം മന്ത്രിയായിരിക്കുമ്പോള്‍ തന്‍റെ നിയോജക മണ്ഡലത്തിലെ ആദിവാസി കോളനിയിലെ ഒരു കുടിവെള്ള പദ്ധതിക്ക് സമീപിച്ചെങ്കിലും അദ്ദേഹം അത് നിഷ്‌കരുണം തള്ളിക്കളയുകയായിരുന്നു. അതിനുള്ള വ്യക്തി വിരോധം തീര്‍ക്കുകയാണെന്ന് കരുതരുത്. അങ്ങനെ ചെയ്യുന്ന ആളല്ല താനെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. ഇതിനിടെ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.