തിരുവനന്തപുരം: കാലാവധി അവസാനിക്കാന്‍ കഷ്‌ടിച്ച് 7 മാസം മാത്രം അവശേഷിക്കേ തന്‍റെ അവസാനത്തെ നയപ്രഖ്യാപന പ്രസംഗം സര്‍ക്കാരിനെ നാണം കെടുത്താനുള്ള വടിയാക്കി മാറ്റുകയായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാന ഗവര്‍ണറായി ചുമതലയേറ്റ ആരിഫ് മുഹമ്മദ് ഖാന്‍ കേരള നിയമസഭയില്‍ നടത്തുന്ന ആറാമത്തെ നയപ്രഖ്യാപന പ്രസംഗമാണ് ഇന്ന് നടന്നത്. 2019 സെപ്‌തംബര്‍ 6നാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഹൈക്കോടതി ചീഫ് ജസ്‌റ്റിസിനു മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്‌ത് ഗവര്‍ണറായി അധികാരമേറ്റത്. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് 2020 ജനുവരി 29 നാണ് ആരിഫ് മുഹമ്മദ് ഖാന്‍ ആദ്യമായി നിയമസഭയില്‍ നയ പ്രഖ്യാപന പ്രസംഗം നടത്തുന്നത്.
അന്ന് പൗരത്വ നിയമ ഭേദഗഗതിയെ അനുകൂലിച്ച ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം സഭയില്‍ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിക്കുന്നതിനിടെയായിരുന്നു ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. അന്ന് ഏകദേശം 2 മണിക്കൂറിലധികം സമയമെടുത്താണ് ഗവര്‍ണര്‍ നയ പ്രഖ്യാപന പ്രസംഗം പൂര്‍ത്തിയാക്കി മടങ്ങിയത്. അന്നും ഗവര്‍ണര്‍ ഇത്തരത്തില്‍ സര്‍ക്കാരിനെതിരായ എതിര്‍പ്പ് പരസ്യപ്പെടുത്തിയിരുന്നു.
അന്നത്തെ നയ പ്രഖ്യാപന പ്രസംഗത്തിന്‍റെ പതിനെട്ടാം ഖണ്ഡികയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമര്‍ശം അദ്ദേഹം വായിച്ചില്ല. ഈ ഖണ്ഡിക താന്‍ ഒഴിവാക്കുകയാണ് എന്ന് അദ്ദേഹം നയ പ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കിയ ശേഷം പത്തൊന്‍പതാം ഖണ്ഡികയിലേക്കു കടക്കുകയായിരുന്നു. 2021 ല്‍ അദ്ദേഹത്തിന്‍റെ നയ പ്രഖ്യാപന പ്രസംഗത്തിന്‍റെ ദൈര്‍ഘ്യം രണ്ടുമണിക്കൂറും 10 മിനിട്ടുമായിരുന്നു. 2022 ല്‍ രണ്ടു മണിക്കൂറും 2023 ല്‍ ഒരു മണിക്കൂറും 12 മിനിട്ടുമായിരുന്നു. അതായത് അദ്ദേഹത്തിന്‍റെ അഞ്ച് പ്രസംഗങ്ങളിലും മുഴുവന്‍ സമയമെടുത്ത് പ്രസംഗം മുഴുവന്‍ വായിച്ച ഗവര്‍ണറാണ് ഇത്തവണ വെറും ഒരുമിനിട്ട് 17 സെക്കന്‍ഡ് എന്ന സഭാ ചരിത്രത്തിലെ ഏറ്റവും കുറവു സമയം മാത്രമെടുത്ത് നയപ്രഖ്യാപന പ്രസംഗം പൂര്‍ത്തിയാക്കി സര്‍ക്കാരിന് പ്രഹരമേല്‍പ്പിച്ചത്.
കേരള നിയമസഭാ ചരിത്രത്തിലെ ഏറ്റവും കുറവു സമയത്തില്‍ നയ പ്രഖ്യാപനം നടത്തിയ ഗവര്‍ണറെന്ന റെക്കോര്‍ഡിനുടമ ജ്യോതി വെങ്കിടചെല്ലം ആയിരുന്നു. 1982 ജനുവരി 29 ന് വെറും 4 മിനിട്ട് മാത്രമാണ് അവര്‍ നയപ്രഖ്യാപന പ്രസംഗം സഭയില്‍ വായിച്ചത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് അവര്‍ക്ക് പ്രസംഗം വായിക്കാനായില്ല. അങ്ങനെയാണ് നാലുമിനിറ്റിനുള്ളില്‍ പ്രസംഗം പൂര്‍ത്തിയാക്കി ജ്യോതിവെങ്കിടചെല്ലം അന്ന് മടങ്ങിയത്. അന്ന് സ്‌പീക്കറായിരുന്ന എ സി ജോസിന്‍റെ കാസ്‌റ്റിംഗ് വോട്ടില്‍ കെ. കരുണാകരന്‍റെ മന്ത്രിസഭാ ആടിയുലയുന്ന കാലമായിരുന്നു. അന്ന് ഭരണ പപക്ഷത്തിനും പ്രതിപക്ഷത്തിനും 70 വീതം സീറ്റുകളാണുണ്ടായിരുന്നത്.
നയ പ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയം പാസാക്കുന്നതിന് നിയമസഭയില്‍ നടന്ന വോട്ടെടുപ്പില്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും തുല്യ വോട്ട് ലഭിച്ചതോടെ സ്‌പീക്കറായിരുന്ന എ സി ജോസ് കാസ്‌റ്റിംഗ് വോട്ട് വിനിയോഗിച്ചാണ് സര്‍ക്കാരിനെ രക്ഷപ്പെടുത്തി നന്ദി പ്രമേയം പാസാക്കിയത്. കരുണാകരന്‍ സര്‍ക്കാര്‍ പിന്നാലെ രാജിവച്ച് വീണ്ടും അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് രൂപീകൃതമായ പുതിയ സര്‍ക്കാരിന്‍റെ നയ പ്രഖ്യാപനത്തിന് വീണ്ടും ഗവര്‍ണര്‍ ജ്യോതി വെങ്കിടചെല്ലം 1982 ജൂണ്‍ 25ന് നിയമസഭയിലെത്തിയപ്പോള്‍ പ്രതിപക്ഷ നേതാവായിരുന്ന ഇ കെ നായനാരുടെ നേതൃത്വത്തില്‍ അന്നത്തെ പ്രതിപക്ഷം ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കി.
കോണ്‍ഗ്രസ് ഐ യുമായി കൂട്ടു ചേര്‍ന്ന് അഴിമതി നടത്തിയ ഗവര്‍ണര്‍ ജ്യോതിവെങ്കടചെല്ലത്തെ കുറിച്ച് പരസ്യാന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവായിരുന്നു ഇ കെ നായനാര്‍ അന്ന് ഇംഗ്ലീഷില്‍ സമാന്തര പ്രസഗം സഭയില്‍ നടത്തുകയും, പ്രതിപക്ഷാംഗങ്ങള്‍ ഇതു സംബന്ധിച്ച പ്ലക്കാര്‍ഡ് സഭയിലുയര്‍ത്തുകയും ചെയ്‌ത ശേഷം നയ പ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കുകയായിരുന്നു.
സഭയിലെ ദൈര്‍ഘ്യം കുറഞ്ഞ മറ്റു രണ്ട് നയപ്രഖ്യാപന പ്രസംഗങ്ങള്‍ നടത്തിയത് കേരള ഗവര്‍ണറായിരുന്ന രാച്ചയ്യ ആയിരുന്നു. 1995 ജനുവരി 25 ന് അദ്ദേഹം നടത്തിയ നയ പ്രഖ്യാപന പ്രസംഗത്തിന്‍റെ ദൈര്‍ഘ്യം 12 മിനിട്ടായിരുന്നു. കടുത്ത ആസ്‌മ കാരണം അദ്ദേഹം 12 മിനിട്ടില്‍ പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു. 1993 ലും തന്‍റെ നയപ്രഖ്യാപന പ്രസംഗം രാച്ചയ്യ 20 മിനിട്ടില്‍ ഒതുക്കി. അന്നും അസുഖത്തെ തുടര്‍ന്നായിരുന്നു ഗവര്‍ണര്‍ പ്രസംഗം വായിക്കുന്നത് വെട്ടിച്ചുരുക്കിയത്. പക്ഷേ അത്തരം സാഹചര്യങ്ങളൊന്നുമില്ലാതെ സര്‍ക്കാരിനോടുള്ള നീരസം പരസ്യമായി പ്രകടിപ്പിക്കുകയായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.