കോഴിക്കോട്: സ്വർണ്ണ കള്ളക്കടത്ത് പണം ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞത് അതീവ ഗൗരവകരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിവരമറിയാമായിരുന്നിട്ടും ഇക്കാര്യം മുഖ്യമന്ത്രി തന്നിൽ നിന്ന് മറച്ചുവെച്ചു. 'ദ ഹിന്ദു'വിന് നൽകിയ അഭിമുഖത്തിന് മുൻപേ തിരുവനന്തപുരത്ത് സെപ്‌റ്റംബർ 21 ന് നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയതാണ്. വിഷയത്തിൽ ഇത്രയും കാലം തന്നെ മുഖ്യമന്ത്രി ഇരുട്ടത്ത് നിർത്തുകയായിരുന്നുവെന്നും ഗവർണർ കോഴിക്കോട് പറഞ്ഞു.
എത്ര സ്വർണം കടത്തി എന്നതിനേക്കാൾ ഗൗരവകരമാണ് മുഖ്യമന്ത്രി ഉന്നയിച്ച രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ വിഷയം. ആരൊക്കെയാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളതെന്നും എന്തൊക്കെ നടപടി സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കണം. വാർത്ത ഇപ്പോൾ നിഷേധിച്ചിട്ട് കാര്യമില്ലെന്നും ഗവർണ്ണർ കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഫോൺ ചോർത്തൽ സംഭവവുമായി ബന്ധപ്പെട്ട വിഷയത്തിലും ഗവർണ്ണർ പ്രതികരിച്ചു. 'മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട റിപ്പോർട്ട് ഒരാഴ്‌ചയായിട്ടും കിട്ടിയില്ല. കാത്ത് നിൽക്കും. ഇനിയും റിപ്പോർട്ട് ലഭിച്ചില്ലെങ്കിൽ തുടർ നടപടി സ്വീകരിക്കുമെന്നും' ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു.