കണ്ണൂർ: കാർഷിക സമൃദ്ധിയുടെ ഓർമ പുതുക്കലുമായി വിഷു ഇങ്ങെത്തിക്കഴിഞ്ഞു. പതിവിലും വിഭിന്നമായി ചൂട് അതിഭീകരമാണ്. എങ്കിലും മാട്ടൂൽ കക്കാടൻ ചാലിലെ വി വിജയൻ പതിവ് തെറ്റിച്ചില്ല. കണിയൊരുക്കാൻ വിജയന്‍റെ വെള്ളരി പാടത്ത് സ്വർണ വർണങ്ങളിലുള്ള കണിവെള്ളരികൾ തയ്യാറാണ്.
മാട്ടൂൽ കക്കാടൻ ചാലിലാണ് കണി വെള്ളരിയുടെ പറുദീസ. നാലു പതിറ്റാണ്ടായി കാർഷിക പാരമ്പര്യം മുറുകെ പിടിച്ചുള്ള യാത്രയിലാണ് വിജയനും കുടുംബവും. പ്രതിസന്ധികളിൽ തളരാതെ ജീവിതം കൃഷിക്കായി മാറ്റി വച്ച കഥയാണ് വിജയന്‍റെയും, ഭാര്യ ശ്യാമളയുടെയും, പിന്തുണ നൽകുന്ന ബ്ലോക്ക് പഞ്ചായത്തംഗം കൂടിയായ മകൻ വിജേഷ് മാട്ടൂലിന്‍റെയും.
മൂന്ന് ഏക്കർ സ്ഥലത്താണ് ഇക്കുറി കൃഷി ഇറക്കിയത്. വിഷു കണിക്കുള്ള വെള്ളരിയുടെ വിത്ത് ഇറക്കുന്നത് കുംഭം ഒന്നിനാണ്. പ്രദേശത്തെ ഏറ്റവും പൗരാണീക ക്ഷേത്രം ആയ അന്നപൂർണേശ്വരി ക്ഷേത്രത്തിലേക്ക് ഉള്ള അന്നദാനത്തിനായുള്ള കാണിക്ക സമർപ്പിച്ച ശേഷം ആണ് ഇവിടെ വിത്ത് ഇറക്കുന്നത്.
നാടൻ വെള്ളരിയാണ് കക്കാടൻ ചാലിലെ പാടത്ത് കൃഷി ചെയ്‌തത്. തികച്ചും ജൈവ പച്ചക്കറി എന്നതാണ് വിജയന്‍റെ കൃഷിയുടെ പ്രത്യേകത. അതുകൊണ്ടുതന്നെ ഇവിടുത്തെ കണി വെള്ളരിക്കായി നാട്ടിലും ജില്ലയിലെ വിവിധ മാർക്കറ്റുകളിലും ആവശ്യക്കാർ ഏറെയാണ്. 45 മുതൽ 60 ദിവസം വരെയാണ് വെള്ളരി പാകം ആകാൻ വേണ്ടുന്ന സമയം.
കടുത്ത ചൂടിൽ കുറച്ചു പ്രതിസന്ധികൾ കൃഷിയെ ബാധിച്ചിട്ടുണ്ടെന്ന് വിജയൻ പറയുന്നു. ഒരു കിന്‍റൽ വെള്ളരി വിളവെടുക്കുമ്പോൾ ഏതാണ്ട് 40 കിലോയോളം വെള്ളരികളെ ചൂട് ബാധിച്ചിട്ടുണ്ട്. മുള്ളൻ പന്നി ശല്യവും ഉണ്ടായിരുന്നു. പ്രധാനമായും കുഞ്ഞിമംഗലം, കൂവപ്പുറം, പയ്യന്നൂർ, ചെറുകുന്ന് മേഖലകളിലെ കടകളിലേക്ക് ആണ് വെള്ളരി കൊടുക്കാറുള്ളത്.
Also read: വിഷു വിപണി കീഴടക്കി മലബാറിന്‍റെ സ്വന്തം പടക്കം; വെള്ളനൂർ പടക്കങ്ങള്‍ക്ക് ആവശ്യക്കാരേറെ