തൃശ്ശൂര്‍: വിഷു ദിനത്തിൽ ശ്രീ ഗുരുവായൂരപ്പന് ചാർത്താൻ 20 പവനിലേറെ തൂക്കം വരുന്ന പൊന്നിൻ കിരീടം. കോയമ്പത്തൂർ സ്വദേശി ഗിരിജയും ഭർത്താവ് രാമ ചന്ദ്രനുമാണ് തങ്കക്കിരീടം സമർപ്പിച്ചത്. വിഷു തലേന്ന് ദീപാരാധന കഴിഞ്ഞാണ് പൊന്നിൻ കിരീടം സോപാനത്തിൽ സമർപ്പിച്ചത്.
160.350 ഗ്രാം തൂക്കമുണ്ട് കിരീടത്തിന്. ഏകദേശം 13,08,897 രൂപ വിലമതിക്കും. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, ക്ഷേത്രം ഡിഎ.പ്രമോദ് കളരിക്കൽ, കിരീടം രൂപകല്‌പന ചെയ്‌ത രാജേഷ് ആചാര്യ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
വിഷുപ്പുലരിയില്‍ കണ്ണനെ കണി കാണാൻ ഭക്തജനത്തിരക്ക്: വിഷു ദിവസം ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ആയിരങ്ങളാണ് കണ്ണന്‍റെ ദര്‍ശനത്തിനായി ഗുരുവായൂരിലേക്കെത്തിയത്. പുലര്‍ച്ചെ 2.42ന് വിഷുക്കണി ദർശനം ആരംഭിച്ചു. രാത്രി അത്താഴപ്പൂജക്ക് ശേഷം കീഴ്‌ശാന്തി നമ്പൂതിരിമാർ ക്ഷേത്ര മുഖമണ്ഡപത്തില്‍ കണി ഒരുക്കി വെച്ചിരുന്നു.
പുലര്‍ച്ചെ 2.15ന് മുഖ മണ്ഡപത്തിലെ വിളക്കുകള്‍ തെളിയിച്ചു. മേല്‍ശാന്തി ശ്രീലക വാതില്‍ തുറന്ന് ആദ്യം ഗുരുവായൂരപ്പനെ കണി കാണിച്ചു. നാളികേര മുറിയില്‍ നെയ് വിളക്ക് തെളിയിച്ചാണ് ഗുരുവായൂരപ്പനെ കണി കാണിച്ചത്.
തുടര്‍ന്ന് ഗുരുവായൂരപ്പന്‍റെ തങ്ക തിടമ്പ് സ്വര്‍ണ സിംഹാസനത്തില്‍ ആലവട്ടം, വെഞ്ചാമരം എന്നിവ കൊണ്ടലങ്കരിച്ച് വെച്ചു. സിംഹാസനത്തിന് താഴെയായി ഓട്ടുരുളിയില്‍ കണിക്കോപ്പുകളും വെച്ചു. ഗുരുവായൂരപ്പനെ കണി കാണിച്ച ശേഷം കിഴക്കേ ഗോപുരവാതില്‍ തുറന്നു. തുടർന്ന് ഭക്തർക്ക് കണികാണാനുള്ള സൗകര്യം ഒരുക്കി. കണി ദർശനം കഴിഞ്ഞവർക്ക് മേൽശാന്തി വിഷുക്കൈനീട്ടം നൽകി. 3.42 വരെ ഭക്തർ വിഷുക്കണി ദർശിച്ചു. ശ്രീലകത്ത് മുഖമണ്ഡപത്തില്‍ സ്വര്‍ണ സിംഹാസനത്തില്‍ പൊന്‍തിടമ്പും കണിക്കോപ്പുകളും വച്ചും ഭക്തര്‍ക്കായി കണിയൊരുക്കിയിരുന്നു.
Also Read : വിഷുപ്പുലരിയിലേക്ക് കണ്‍തുറന്ന് നാട് - VIshu Greetings