എറണാകുളം: ഫ്ലാറ്റിൽനിന്ന് വീണ് മരിച്ച സ്വവർഗ ജീവിത പങ്കാളിയുടെ മൃതദേഹം ആശുപത്രിയിൽ നിന്നും വിട്ടുകിട്ടണമെന്ന യുവാവിന്‍റെ ഹർജി തീർപ്പാക്കി ഹൈക്കോടതി. യുവാവിന്‍റെ മൃതദേഹം വീട്ടുകാർ ഏറ്റെടുത്തു. മെഡിക്കൽ ബില്ലായി ഒരു ലക്ഷം രൂപ അടക്കാനും ഹർജിക്കാരന് കോടതിയുടെ നിർദേശം.
മരിച്ച യുവാവിന്‍റെ കുടുംബം അനുവദിച്ചാൽ വീട്ടിലെത്തി മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ ഹർജിക്കാരന് കോടതി അനുമതി നൽകിയിരുന്നു. അതിനായി ഹർജിക്കാരന് പൊലീസ് ആവശ്യമായ സംരക്ഷണം നൽകണമെന്നും കോടതി ഉത്തരവിട്ടു (Kerala Gay Man's Death).
മരിച്ച യുവാവുമായി അകന്നു നില്‍ക്കുന്ന ബന്ധുക്കള്‍ ആശുപത്രിയിലെ ചികിത്സ ചിലവ് നല്‍കിയെങ്കിലും, മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. ഇതേതുടര്‍ന്നാണ് പങ്കാളിയായ യുവാവ് ആശുപത്രിയെ സമീപിച്ച് മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ അനന്തരാവകാശി ആണെന്നതിന് രേഖകളില്ലാത്തതിനാല്‍ മൃതദേഹം വിട്ടുനല്‍കാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് ആശുപത്രി ബിൽ തുകയായ 1.3 ലക്ഷം രൂപ നൽകാതെ മൃതദേഹം വിട്ടു കിട്ടിയില്ലെന്നു ചൂണ്ടിക്കാട്ടി യുവാവ് കോടതിയെ സമീപിച്ചത്. ലിവ് ഇൻ റിലേഷനിൽ ആറുവർഷമായി ഒന്നിച്ച് താമസിച്ചിരുന്ന യുവാവിന്‍റെ അംഗീകൃത പങ്കാളിയായ തനിക്ക് മൃതശരീരം ഏറ്റുവാങ്ങാനുള്ള അവകാശം ഉണ്ടെന്നാണ് ഇയാളുടെ വാദം. മരിയാളുടെ മാതാപിതാക്കളുടെ താൽപര്യത്തിന് തടസ്സമാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ പങ്കാളിയെന്നു പറയുന്ന ഹർജിക്കാരന് മൃതദേഹം ഏറ്റുവാങ്ങാൻ നിയമപരമായ അധികാരമില്ലെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു.