കാസർകോട്: ബദിയുടക്ക റോഡിൽ ഇടനീർ മഠത്തിന് സമീപം ഗ്യാസ് ടാങ്കർ മറിഞ്ഞ് അപകടം. വാതക ചോർച്ച ഇല്ലാത്തതിനാൽ വലിയ ദുരന്തം ഒഴിവായി. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. മംഗലാപുരത്തു നിന്നും കോയമ്പത്തൂരിലേക്ക് നിറയെ വാതകവുമായി പോയ ടാങ്കർ ആണ് മറിഞ്ഞത്. അപകടം നടന്നതറിഞ്ഞ് ഉടൻ പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി. തുടർന്ന് ഇതുവഴി ഗതാഗതം നിരോധിച്ചു.
ടാങ്കർ മറിഞ്ഞപ്പോൾ തന്നെ നാട്ടുകാർ പരിഭ്രാന്തരായി. ചോർച്ച ഇല്ലെന്നു അറിയിച്ചത്തോടെയാണ് നാട്ടുകാർക്ക് ആശങ്ക ഒഴിഞ്ഞത്. മുന്നിലെ വാഹനം പെട്ടന്ന് ബ്രേക്ക് ചെയ്‌തതിനെ തുടർന്ന് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് ടാങ്കർ മറിയുകയായിരുന്നു. ഇന്ന് രാവിലെയാണ് ടാങ്കർ മംഗലാപുരത്തു നിന്നും പുറപ്പെട്ടത്. ഉത്തർപ്രദേശ് സ്വദേശി ഇൻഡിൽ യാദവ് ആണ് ടാങ്കർ ഓടിച്ചിരുന്നത്. സമീപത്ത് സ്‌കൂൾ അടക്കം ഉണ്ടായിരുന്നു.
ഓർമയിൽ ചാല ദുരന്തം
2012 ഓഗസ്‌റ്റ് 27ന് രാത്രി 10.50നാണ് മംഗളൂരുവിൽ നിന്നു പാചകവാതകവുമായി എറണാകുളത്തേക്കു പോകുകയായിരുന്ന ടാങ്കർ ലോറി ചാല അമ്പലം സ്‌റ്റോപ്പിലെ ഡിവൈഡറിൽ ഇടിച്ചുകയറി മറിഞ്ഞത്. വാതക ചോർച്ചയുണ്ടായി 20 മിനിറ്റിനു ശേഷം ടാങ്കർ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ 20 പേർ മരിക്കുകയും അൻപതോളം പേർക്ക് പൊള്ളലേറ്റ് പരുക്കേൽക്കുകയും ചെയ്‌തിരുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സ്ഥലത്തെ നിരവധി വീടുകളും കടകളുമടക്കമുള്ള കെട്ടിടങ്ങൾ തകർന്നു. വീടുകളിലും മറ്റു കെട്ടിടങ്ങളിലും ഉണ്ടായിരുന്ന ഫർണിച്ചറും ഗൃഹോപകരണങ്ങളുമടക്കം കത്തിനശിച്ചു. വീട്ടുമുറ്റങ്ങളിലും റോഡരികിലും നിർത്തിയിട്ടിരുന്ന വാഹനങ്ങളും കത്തിനശിച്ചു.