എറണാകുളം : പെരിയാറിൽ വീണ്ടും മാലിന്യം ഒഴുക്കിയതായി പരാതി. ഏലൂരില്‍ സ്വകാര്യ വ്യവസായ സ്ഥാപനം പെരിയാറിലേക്ക് മാലിന്യം ഒഴുക്കിവിട്ടതായാണ് പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതി
പ്രവർത്തകർ മലിനീകരണ നിയന്ത്രണ ബോർഡിന് പരാതി നൽകിയത്.
കറുത്ത നിറത്തിലുള്ള എണ്ണമയമുള്ള മാലിന്യം പുഴയിലേക്ക് പുറന്തള്ളിയെന്ന പരാതിയെത്തുടര്‍ന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിക്കുകയും ചെയ്‌തു. മാലിന്യം ഒഴുക്കിയ സി ജി ലൂബ്രിക്കന്‍റ്സ് എന്ന സ്വകാര്യ കമ്പനിക്ക് ഉടന്‍ നോട്ടിസ് നല്‍കുമെന്ന് പി സി ബി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി മഴയ്ക്കിടെയാണ് സ്വകാര്യ കമ്പനി പെരിയാറിലേക്ക് മാലിന്യം ഒഴുക്കിയതായി നാട്ടുകാര്‍ ആരോപിക്കുന്നത്. മഴവെള്ളം ഒഴുകിപ്പോകാനുള്ള പൈപ്പിലൂടെ മാലിന്യം പുറന്തള്ളുന്നത് നേരില്‍ കണ്ടുവെന്നും നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതി പ്രവര്‍ത്തകര്‍ പി സി ബി ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തുകയുമായിരുന്നു.
പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായതായും കമ്പനിക്ക് കാരണം കാണിക്കൽ നോട്ടിസ് നല്‍കുമെന്നും പി സി ബിയിലെ സീനിയര്‍ എന്‍വയോണ്‍മെന്‍റല്‍ എന്‍ജിനിയര്‍ എം എ ഷിജു പറഞ്ഞു. പെരിയാറിലെ മത്സ്യക്കുരുതിയുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി നിയമിച്ച സമിതി ഇന്നലെ പരിശോധന നടത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് മലിന്യമൊഴുക്കിയെന്നതും ഏറെ ഗൗരവകരമാണ്. പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊന്തിയ സംഭവത്തില്‍ വെള്ളത്തിലെ രാസ മാലിന്യം സ്ഥിരീകരിച്ച് കുഫോസ് സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പെരിയാറിൽ രാസമാലിന്യമൊഴുക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവും ഉയർന്നിരുന്നു.