നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ പ്രജോദ് ആദ്യമായി സംവിധാനം ചെയ്യുന്ന 'പ്രേമപ്രാന്ത്' സിനിമയുടെ ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്ത്. പ്രേക്ഷകരുടെ കണ്ണും കാതും നിറയ്ക്കുന്ന മനോഹരായ പോസ്‌റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിരിക്കുന്നത്. പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയിലൊക്കെ ശ്രദ്ധ നേടിയതോടെ വീണ്ടുമൊരു പ്രണയ ചിത്രം കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.
എബ്രിഡ് ഷൈന്‍റെ മകന്‍ ഭഗത് ആദ്യമായി നായകനായി എത്തുന്ന ചിത്രം കൂടിയാണ് 'പ്രേമ പ്രാന്ത്'. 2014 ല്‍ എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്‌ത ചിത്രം '1983' എന്ന ചിത്രത്തിലൂടെ മിന്നുന്ന പ്രകടനം കാഴ്‌ചവച്ച് പ്രേക്ഷകരെ ഞെട്ടിച്ച താരമാണ് ഭഗത്. നിവിന്‍ പോളിയുടെ മകനായിട്ടായിരുന്നു ഈ ചിത്രത്തില്‍ വേഷമിട്ടത്. ഭഗത് ആദ്യമായി വെള്ളിത്തിരയില്‍ എത്തി ചിത്രം കൂടിയാണിത്.
2021-ൽ റിലീസായ "മ്യാവൂ "സൗബിൻ-ലാൽ ജോസ് ചിത്രത്തിലും ഭഗത് ശ്രദ്ധേയമായ വേഷത്തിൽ അഭിനയിച്ചു. എബ്രിഡ് ഷൈന്‍ ആണ് 'പ്രേമപ്രാന്തി'ന് തിരക്കഥ ഒരുക്കുന്നത്. സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഇഷാന്‍ ചാബ്രയാണ്. നിവിന്‍ പോളിയാണ് ചിത്രം അനൗണ്‍സ് ചെയ്‌തത്.
'എന്‍റെ ആദ്യ ചിത്രമായ 'പ്രേമപ്രാന്തന്‍റെ' ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്തിറക്കുന്നതിന്‍റെ ആകാംക്ഷയിലാണ്. ഭഗത് എബ്രിഡ് ഷൈനെ (കണ്ണന്‍) നായകനായി അവതരിപ്പിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. '1983' എന്ന സിനിമയില്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ മുതല്‍ കണ്ണനെ അറിയാം. ബാലതാരത്തില്‍ നിന്ന് കണ്ണനെ മലയാള സിനിമയിലെ നായകനായി ഞാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തിരക്കഥയ്ക്കും പിന്തുണയ്ക്കും എബ്രിഡ് ഷൈനിന് വലിയ നന്ദി. പ്രേമ പ്രാന്തിന്‍റെ കഥ കേട്ടപ്പോള്‍ തന്നെ എനിക്ക് അത് സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു, അത് എബ്രിഡ് സമ്മതിക്കുകയും ചെയ്‌തു. പ്രതിഭാധനനായ ഇഷാന്‍ ഛബ്ര എന്ന സംഗീത സംവിധായകന്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്ന മനോഹരമായ എട്ടു ട്രാക്കുകള്‍ക്ക് നന്ദി. അമല്‍.. ഇത്രയും മനോഹരമായ ഒരു പോസ്‌റ്റര്‍ സൃഷ്ടിച്ചതിന് വളരെ നന്ദി.
മീശമാധവന്‍ എന്ന സിനിമയില്‍ എനിക്ക് കരിയറിലെ മികച്ച വേഷം തന്നതിന് ലാല്‍ജോസ് സാറിനോടും എന്‍റെ സ്‌റ്റേജ്, എനിക്ക് പേര് നല്‍കിയ കലാഭവനോടും ഞാന്‍ നന്ദിയുള്ളവനാണ്. എന്നെ സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും എന്‍റ ഹൃദയത്തില്‍ നിന്നും നന്ദി. എന്‍റെ സുഹൃത്തിനും സഹോദരനും വിശ്വസ്‌തനുമായ നിവിന്‍ പോളി പൂര്‍ണ ഹൃദയത്തോടെ പിന്തുണച്ചതിന് പ്രത്യേക നന്ദി, ലവ് യു നിവിന്‍ , കലാഭവന്‍ പ്രജോദിന്‍റെ വാക്കുകള്‍.
മിമിക്രിയിലൂടെ സിനിമാഭിനയിലെത്തിയ കലാഭവൻ പ്രജോദിന്‍റെ ആദ്യ സിനിമ, 2002-ൽ പുറത്തിറങ്ങിയ ലാൽജോസ്-ദിലീപ് ചിത്രമായ 'മീശമാധവൻ' ആയിരുന്നു. പ്രേമ പ്രാന്തിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല. പി ആർ ഒ-എ എസ് ദിനേശ്.