കോഴിക്കോട്: നമ്മളുറങ്ങുമ്പോഴും കണ്ണിലെണ്ണയൊഴിച്ച് നമ്മുടെ അതിര്‍ത്തി കാത്തു സൂക്ഷിക്കുന്നവരാണ് നമ്മുടെ ജവാന്മാര്‍. ഏത് നേരവും പറന്നെത്താവുന്ന ശത്രു സൈന്യത്തിന്‍റെ വെടിയുണ്ടകള്‍, കുഴിബോംബുകള്‍, ചിലേടത്തൊക്കെ റോക്കറ്റ് ലോഞ്ചറുകളില്‍ നിന്ന് തൊടുക്കുന്ന ഭീകരരുടെ ഗ്രനേഡുകള്‍. ശൈത്യമെത്തുന്നതോടെ നുഴഞ്ഞുകയറാന്‍ ഒരുങ്ങി നില്‍പ്പുള്ള ഭീകരര്‍ കണ്ണു തെറ്റുന്നതും കാത്തിരിക്കും. തണുപ്പും മഞ്ഞും പ്രതികൂല കാലാവസ്ഥയും തീര്‍ക്കുന്ന പ്രതിബന്ധങ്ങള്‍ മറികടന്ന് നിരീക്ഷണം ശക്തമാക്കേണ്ട നാളുകളാണിത് സേനയ്ക്ക്.
വിട്ടുവീഴ്‌ചയില്ലാത്ത ജാഗ്രതയോടെ രാജ്യസേവനം ചെയ്യുന്ന നമ്മുടെ ധീരജവാന്മാര്‍ക്ക് രാജ്യാന്തര അതിര്‍ത്തികളില്‍ ആശ്വാസമാകുന്ന ഒരു കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് ഒരു മലയാളി മേജര്‍. ഇദ്ദേഹം വികസിപ്പിച്ചെടുത്ത അത്യാധുനിക ബങ്കർ ഇന്ത്യൻ കരസേനയുടെ ഭാഗമായി എന്നതാണ് ഏറ്റവും പുതിയ അപ്ഡേറ്റ്. നന്മണ്ട 12ലെ തയ്യുള്ളതിൽ വീട്ടിൽ മേജർ സുധീഷാണ് അതിവേഗം നിർമിക്കാവുന്നതും ഭാരം കുറഞ്ഞതുമായ ബുള്ളറ്റ് പ്രൂഫ് ബങ്കർ നിർമിച്ചത്.
അതിര്‍ത്തിയിലെ വെല്ലുവിളികള്‍
രാജ്യാന്തര അതിര്‍ത്തികളില്‍ മൂന്ന് തരം ഭീഷണികളാണ് പൊതുവേ നമ്മുടെ സൈനികര്‍ക്ക് നേരിടേണ്ടി വരാറുള്ളത്. ഒന്ന് നുഴഞ്ഞുകയറ്റക്കാരും ഭീകരരും രണ്ട് ശത്രു സൈന്യത്തിന്‍റെ ഓര്‍ക്കാപ്പുറത്തുള്ള ആക്രമണങ്ങള്‍, മൂന്ന് പ്രതികൂല കാലാവസ്ഥ. നിരീക്ഷണത്തിന് ഹൈടെക് ഉപകരണങ്ങള്‍ നമ്മുടെ സൈന്യത്തിനുണ്ടെങ്കിലും എന്നും അതിര്‍ത്തികളില്‍ നിരീക്ഷണത്തിന് നിയോഗിക്കപ്പെടുന്ന സൈനികര്‍ക്ക് സൗകര്യപ്രദമായ ബങ്കറുകള്‍ ഒരു പ്രശ്‌നം തന്നെയായിരുന്നു.
ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ബോര്‍ഡര്‍ മാനേജ്മെന്‍റിന് കീഴില്‍ രാജ്യാന്തര അതിര്‍ത്തികളില്‍ അതിര്‍ത്തി വേലികള്‍, ഫ്ലഡ് ലൈറ്റുകള്‍ എന്നിവയ്‌ക്കൊപ്പം ബോര്‍ഡര്‍ ഔട്ട് പോസ്റ്റുകളും ബങ്കറുകളും നിര്‍മ്മിച്ച് സൈന്യത്തിന് കൂടുതല്‍ പശ്ചാത്തല സൗകര്യമൊരുക്കാനുള്ള നീക്കങ്ങള്‍ ഒരു വശത്ത് നടക്കുന്നതിനിടയിലാണ് സൈന്യത്തിന് ഏറെ ആശ്വാസം പകരുന്ന കണ്ടെത്തലുമായി മേജര്‍ സുധീഷ് എത്തുന്നത്.
ലൈറ്റ് വെയ്റ്റ് ബുള്ളറ്റ് പ്രൂഫ് ബങ്കറുകളിലേക്ക്
രാജ്യാന്തര തലത്തിൽ കരസേന നടത്തുന്ന ‘ഇന്നോ യോദ്ധ’യുടെ പ്രദർശനത്തിൽ അവതരിപ്പിച്ച മേജര്‍ സുധീഷിന്‍റെ ബങ്കറിന് ചീഫ് ഓഫ് ദി ആർമി സ്‌റ്റാഫിന്‍റെ അംഗീകാരം ലഭിച്ചതോടെ സൈന്യം നിർമാണം ആരംഭിച്ചു.'കരസേനയുടെ ഭാവിസാധ്യതകളായിരുന്നു പ്രദർശനത്തിലെ വിഷയം. ഇതിൽ വിവിധ നൂതന ആശയങ്ങൾ പ്രദർശിപ്പിക്കപ്പെട്ടു. അതിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 20 ആശയങ്ങളിൽ ഒന്നാണ് ഈ ബങ്കർ. നിയന്ത്രണ രേഖയിലും സുപ്രധാന അതിർത്തി മേഖലകളിലും വിന്യസിക്കപ്പെടുന്ന സൈനികർക്ക് ബുള്ളറ്റ് പ്രൂഫ് സുരക്ഷിതത്വം നൽകുന്ന ബങ്കറാണിത്.
പൊതുവേ 160 ചതുരശ്ര അടി വിസ്‌തീര്‍ണമുള്ള എട്ട് പേര്‍ക്ക് തങ്ങാവുന്ന ഇന്‍ഡിവിജ്വല്‍ ബങ്കറുകളും 40 പേര്‍ക്ക് കഴിയാവുന്ന കമ്യൂണിറ്റി ബങ്കറുകളുമാണ് അതിര്‍ത്തിയില്‍ നിര്‍മ്മിക്കാറുള്ളത്. സൈന്യം നിര്‍മ്മിക്കുന്ന താത്‌ക്കാലിക ബങ്കറുകള്‍ വേറേയുമുണ്ട്. വളരെ പണിപ്പെട്ടാണ് നിര്‍മ്മാണത്തിനുള്ള സാമഗ്രികള്‍ ദുര്‍ഘട മേഖലകളിലെത്തിക്കുന്നത്. നിര്‍മാണത്തിനും സമയം പിടിക്കും. ഇതിനൊക്കെ പരിഹാരം തേടിയുള്ള അന്വേഷണമാണ് മേജര്‍ സുധീഷിനെ ലൈറ്റ് വെയ്റ്റ് ബുള്ളറ്റ് പ്രൂഫ് ബങ്കറുകളുടെ ആശയത്തിലേക്ക് എത്തിച്ചത്.
ഒരു വര്‍ഷത്തെ അധ്വാനം
രണ്ട് ട്രക്കുകളിൽ ഉൾക്കൊള്ളാവുന്ന സാധനങ്ങൾ മാത്രം മതി നൂതന ബങ്കർ നിർമിക്കാൻ. വാഹന സൗകര്യം ഇല്ലാത്ത അതിർത്തി പ്രദേശങ്ങളിലേക്ക് പോലും അനായാസം ഈ ബങ്കർ എത്തിക്കാൻ സാധിക്കും.അതീവ ദുഷ്‌കരമായ പ്രദേശങ്ങളിൽ ബങ്കർ നിർമിക്കാനുള്ള സെെനികരുടെ കഷ്‌ടപ്പാടും ബുദ്ധിമുട്ടും കണ്ടാണ് ഈ ആശയം ഉദിച്ചത്. ഒരു വർഷമായി താനും സംഘവും ഇതിന്‍റെ പണിപ്പുരയിൽ ആയിരുന്നെന്നും മേജർ സുധീഷ് പറഞ്ഞു.
പോളിമർ കോൺക്രീറ്റ്, മെറ്റൽ ഫൈബർ, ഗ്ലാസ് ഫൈബർ, കാർബൺ ഫൈബർ എന്നിവയാണ് പ്രധാനഘടകങ്ങൾ. 17 കിലോ മാത്രമാണ് ബങ്കറിന്‍റെ ഭാരം. കനം കുറവുള്ളത് കാരണം ഇവ ഏത് പ്രതികൂല മേഖലയിലും അനായാസം എത്തിക്കാം. മൂന്ന് ദിവസം കൊണ്ട് ബങ്കർ നിർമിക്കാൻ സാധിക്കും. ശൈത്യകാലത്തുൾപ്പെടെ ഏത് കാലാവസ്ഥയിലും നിർമിക്കാമെന്ന് മാത്രമല്ല മനുഷ്യാധ്വാനവും കുറച്ചു മതി. ബുള്ളറ്റ് ഇന്‍റർലോക്കിങ് റുബിക് ബ്ലോക്‌സ് ഉപയോഗിച്ചാണ് ഇതിന്‍റെ നിർമാണം' എന്ന് മേജർ സുധീഷ് ഇടിവി ഭാരതിനോട് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ക്ലർക്കായി സൈന്യത്തിൽ സേവനം ആരംഭിച്ച സുധീഷ് യുപിഎസ്‌സി പരീക്ഷയിലൂടെയാണ് ഓഫിസർ പദവിയിലേക്ക് എത്തിയത്. ആറ് വർഷമായി മേജർ പദവിയിൽ കഴിയുന്ന അദ്ദേഹം ഉടൻ ലെഫ്. കേണൽ പദവിയിലേക്ക് എത്തും. 20 വർഷമായി ഇന്ത്യൻ കരസേനയിൽ സേവനമനുഷ്‌ഠിക്കുന്ന സുധീഷിന് 14 വർഷത്തെ സേവനം കൂടി ബാക്കിയുണ്ട്. ദൃശ്യയാണ് ഭാര്യ. ഏഴാം തരത്തിൽ പഠിക്കുന്ന യദുകൃഷ്‌ണ, അഞ്ചിൽ പഠിക്കുന്ന തീർത്ഥ എന്നിവരാണ് മക്കൾ. ജമ്മു കശ്‌മീരിലെ ശ്രീനഗർ മേഖലയിൽ സേവനമനുഷ്‌ഠിക്കുന്ന മേജർ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.
രാജ്യാന്തര അതിര്‍ത്തികള്‍- നിരീക്ഷണ സംവിധാനങ്ങള്‍
ആകെ അയല്‍ രാജ്യങ്ങളുമായി നാം പങ്കുവയ്‌ക്കുന്നത് 15106.7 കിലോമീറ്റര്‍ അതിര്‍ത്തിയാണ്. പാക്കിസ്ഥാനുമായി നമുക്ക് പങ്കിടുന്നത് 3323 കിലോമീറ്റര്‍. പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത്, ജമ്മുകശ്‌മീര്‍ സംസ്ഥാനങ്ങളിലായാണ് പാക്കിസ്ഥാനുമായി നാം അതിര്‍ത്തി പങ്കിടുന്നത്.
ചൈനയുമായി ഇന്ത്യ പങ്കിടുന്നത് 3488 കിലോമീറ്റര്‍ അതിര്‍ത്തിയാണ്. ജമ്മു കശ്‌മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലായാണ് ഈ അതിര്‍ത്തി. ഇതില്‍ ഐടി ബിപിയുടെ 173 ബോര്‍ഡര്‍ ഔട്ട് പോസ്റ്റുകളുണ്ട്. ഏറ്റവും ദൈര്‍ഘ്യമേറിയ അതിര്‍ത്തിയുള്ളത് ബംഗ്ലാദേശുമായാണ്.
ബംഗ്ലാദേശുമായി 4096 കിലോമീറ്ററും നേപ്പാളുമായി 1751 കിലോമീറ്ററും മ്യാന്‍മാറുമായി 1643 കിലോമീറ്ററും ഭൂട്ടാനുമായി 699 കിലോമീറ്ററും അഫ്‌ഗാനിസ്ഥാനുമായി 106 കിലോമീറ്ററും അതിര്‍ത്തിയാണ് നമുക്കുള്ളത്.
എന്താണ് ബങ്കറുകൾ: അതിർത്തി പ്രദേശങ്ങൾ നിരീക്ഷിക്കാനും അയൽ രാജ്യങ്ങളിൽ നിന്നുള്ള ആക്രമണങ്ങൾ പ്രതിരോധിക്കാനുമുള്ള സുരക്ഷിത കേന്ദ്രങ്ങളാണ് സൈനിക ബങ്കർ. സാധാരണ ബങ്കറുകൾ നിർമിക്കാൻ 20 ട്രക്കുകളിൽ സാധനങ്ങൾ എത്തിക്കണം. 25 ദിവസം 300 ആളുകൾ ബങ്കറുകൾ നിർമിക്കാൻ പ്രവർത്തിക്കണം. 400 എംഎം വീതിയിൽ കോൺക്രീറ്റ് ഉപയോഗിച്ചാണ് സോളിഡ് ബ്ലോക്ക് നിർമിക്കുന്നത്. ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനൊപ്പം തന്നെ തിരിച്ചടിക്കാനും ബങ്കറുകൾ സജ്ജമാക്കും.
കാണുമ്പോൾ ഒരു ചെറിയ കോൺക്രീറ്റ് ഘടനയാണിത്. നിലത്ത് കുഴിച്ചാണ് ഉറപ്പിക്കുക. ചുറ്റും കിടങ്ങുകളും ഉണ്ടാകും. നേരിട്ടുള്ള ആക്രമണങ്ങളിൽ നിന്നും വ്യോമാക്രമണത്തിൽ നിന്നും വലിയ സംരക്ഷണമാണ് ബങ്കറുകൾ നൽകുന്നത്. മോശം കാലാവസ്ഥയിൽ നിന്നും ഇത് അഭയം നൽകുന്നു. ചില ബങ്കറുകൾക്ക് ഭാഗികമായി തുറന്ന മുകൾഭാഗങ്ങൾ ഉണ്ടായിരിക്കാം. ആയുധങ്ങൾ മുകളിലേക്ക് ചൂണ്ടിക്കൊണ്ട് വെടിവയ്പ്പ് നടത്താനാണിത്.
അതീവ സുരക്ഷ മേഖലകളിൽ നിശ്ചിത ദൂരപരിധി വിട്ട് ബങ്കറുകൾ സജ്ജമാക്കാറുണ്ട്. കാലാവസ്ഥ പോലും ദുഷ്‌കരമായ അതിർത്തി പ്രദേശങ്ങളിൽ സൈനികർക്ക് ഏകാശ്രയം ബങ്കറുകളാണ്. പോരാട്ടം പതിവായ മേഖലകളിൽ സംഘർഷം രൂക്ഷമാകുമ്പോൾ തദ്ദേശീയരും ബങ്കറുകളിൽ അഭയം പ്രാപിക്കാറുണ്ട്. പല രാജ്യങ്ങളും പലരീതിയിലാണ് ബങ്കറുകൾ നിർമിക്കുന്നത്. പ്രദേശത്തെ ഭൂപ്രകൃതിക്ക് അനുസരിച്ചാകും ബങ്കറുകളുടെ നിർമാണം.
Also Read: പരിശോധനയ്‌ക്കിടെ സൈന്യത്തിന് നേരെ വെടിവയ്പ്പ്; ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു