തൃശൂര്‍ : ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായെത്തിയ 'ആവേശം' സിനിമയുടെ മാതൃകയില്‍ പാര്‍ട്ടി നടത്തി ഗുണ്ടാത്തലവന്. കൊലപാതക കേസുകളില്‍ പ്രതിയായ ഗുണ്ടാത്തലവന് അനൂപാണ് പാര്‍ട്ടി നടത്തിയത്. വിവിധ കേസുകളില്‍പ്പെട്ട് ജയിലിലായിരുന്ന അനൂപ് പുറത്തിറങ്ങിയതിന്റെ ഭാഗമായാണ് ആഘോഷം സംഘടിപ്പിച്ചത്.
കൊട്ടേക്കാട് പാടശേഖരത്താണ് പരിപാടി സംഘടിപ്പിച്ചത്. 60 ഓളം പേര് പാര്‍ട്ടിയില്‍ പങ്കെടുത്തു. പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഘം റീലുകളായി സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റും ചെയ്തു. സിനിമയിലെ 'എട മോനെ' എന്ന ഹിറ്റ് ഡയലോഗും അടങ്ങിയതാണ് റീല്‍.
പാര്‍ട്ടിക്കായി മദ്യ കുപ്പികള്‍ അടക്കം കൊണ്ടുപോകുന്നത് റീല്‍സില്‍ കാണാം. പൊലീസ് ജീപ്പിന് സമീപം അനൂപ് നില്ക്കുന്നതും വീഡിയോയിലുണ്ട്.