ഗന്ധർവനെ കണ്ടിട്ടിട്ടുണ്ടോ? ചിത്രശലഭമാകാനും മഴ മേഘങ്ങളാകാനും പാവയാകാനും പറവയാകാനും മാനും മനുഷ്യനുമാവാനും കഴിവുണ്ടെന്ന് വിശ്വസിക്കുന്ന ഗന്ധർവനെ. കന്യകമാർക്കും ഗര്‍ഭിണികൾക്കും ഗന്ധര്‍വ ബാധ ഉണ്ടാകുമെന്ന വിശ്വാസം ഇന്നും പഴമക്കാർക്കിടയിലുണ്ട്. ഇത്തരം ബാധ ഇല്ലാതാക്കാൻ കെട്ടിയാടുന്ന തെയ്യമാണ് ഗന്ധർവ്വൻ തെയ്യം.
ഗന്ധർവൻ തെയ്യവും ഗന്ധർവൻ കളവും പാട്ടും അത്യപൂർവമായ കാഴ്‌ച തന്നെ. പണ്ട് ചിലയിടങ്ങളിൽ ഈ തെയ്യക്കോലം കെട്ടിയാടാറുണ്ടെങ്കിലും ഇന്ന് അപൂർവമായി മാറി. പീലിക്കോട് കേണോത്ത് തറവാട്ടിൽ അഞ്ചു വർഷത്തിൽ ഒരിക്കൽ മാത്രം ഈ തെയ്യം കെട്ടിയാടാറുണ്ട്. പലയിടത്തും വിസ്‌മൃതിയിലാണ്ടുപോയ ഗന്ധർവൻ തെയ്യവും ഗന്ധർവൻ കളവുമെല്ലാം കഴിഞ്ഞ 75 വർഷമായി ഇവിടെയുണ്ട്.
കഴിഞ്ഞ ദിവസമാണ് കേണോത്ത് തറവാട്ടിൽ ഉത്സവം നടന്നത്. ഗന്ധർവൻ തെയ്യത്തിന് പുറമെ ഭൈരവൻ, കുട്ടിച്ചാത്തൻ, മാഞ്ഞാളമ്മ, രക്തചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി, വിഷ്‌ണുമൂർത്തി, ധർമദൈവം നരമ്പിൽ ഭഗവതി, ഗുളികൻ തുടങ്ങിയ തെയ്യക്കോലങ്ങളും അരങ്ങിലെത്തി. ഇതിൽ ഏറ്റവും പ്രത്യേകത ഗന്ധർവൻ തെയ്യത്തിന് തന്നെ.
പഞ്ചവര്‍ണപ്പൊടികള്‍ കൊണ്ടാണ് ഗന്ധർവന്‍ കളം ഒരുക്കുന്നത്. പുലർച്ചെ ഒരുമണിക്കാണ് തെയ്യം കെട്ടിയാടുന്നത്. തറവാട്ടിലെ കന്യകയായ പെൺകുട്ടി ഗന്ധർവ കളത്തിൽ ഇരിക്കുന്നതും മറ്റ് ചടങ്ങുകളും അപൂർവ കാഴ്‌ചകളിൽ ഒന്നാണ്. ഗന്ധർവൻ പാട്ട് പാടുന്നവരും ഇപ്പോൾ വിരളമാണ്.
ALSO READ: കരിവില്ലിയായി അരങ്ങേറ്റം; ആദ്യ ദൈവ കോലം കെട്ടിയാടി പന്ത്രണ്ടുകാരൻ