ഇടുക്കി: വളരെ പ്രതീക്ഷയോടെയാണ് പല വിദ്യാർഥികളും പത്താം ക്ലാസ് പരീക്ഷയെ നേരിടുന്നത്. ഭൂരിഭാഗം വിദ്യാർഥികളും വളരെ സന്തോഷത്തോടെ പരീക്ഷയെയുതി വിജയിച്ചപ്പോൾ നീറുന്ന മനസുമായി പരീക്ഷയെ നേരിട്ട് മിന്നും വിജയം കൈവരിച്ചിരിക്കുകയാണ് ഇടുക്കിയിൽ ഒരു മിടുക്കി.
തന്‍റെ പിതാവിന്‍റെ ആഗ്രഹ സഫലീകരണമായി എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയെങ്കിലും മുന്നോട്ടുള്ള വഴിയിൽ ഇരുട്ടിൽ തപ്പുകയാണ് മീനാക്ഷി സതീഷ് എന്ന പെൺകുട്ടി. അർബുദ ബാധിതനായി അച്‌ഛനും തൈറോയ്‌ഡ് രൂക്ഷമായതിനെ തുടർന്ന് അമ്മയും പരീക്ഷയ്ക്ക് തൊട്ടുമുമ്പ് ആശുപത്രിയിലായി. എങ്കിലും നിശ്ചയദാർഢ്യത്തോടെ പരീക്ഷയെഴുതിയ മീനാക്ഷിക്ക് ഫലം വന്നപ്പോൾ ആ സന്തോഷം പങ്കുവയ്ക്കാൻ അച്‌ഛൻ ഇല്ലായിരുന്നു.
കൂലിപ്പണിക്കാരനായ സതീഷിന് മൂന്ന് വർഷം മുമ്പാണ് കഴുത്തിൽ അർബുദം സ്ഥിരീകരിച്ചത്. ആർസിസിയിലും നെടുങ്കണ്ടം മാവടിയിലെ വീട്ടിലുമായാണ് ഈ മൂന്നു വർഷവും സതീഷ് കഴിച്ചുകൂട്ടിയത്. മകൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടണമെന്നത് സതീഷിന്‍റെ ആഗ്രഹമായിരുന്നു. പരീക്ഷയ്ക്ക് തൊട്ടുമുമ്പ് അച്‌ഛനും അമ്മയും ആശുപത്രിയിലായി. ഇതോടെ ഒറ്റയ്ക്കിരുന്നാണ് പഠിച്ചതും പരീക്ഷ എഴുതിയതും. ഫലം വന്നപ്പോൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. ഫലം വരുന്നതിന് ഒരാഴ്‌ച മുമ്പ് അർബുദം മൂർച്‌ഛിച്ച് സതീഷ് മരിക്കുകയും ചെയ്‌തു.
പത്താം ക്ലാസിൽ മികച്ച വിജയം നേടിയെങ്കിലും മുന്നോട്ടുള്ള പഠനത്തിന് വഴിയില്ലാത്ത സാഹചര്യത്തിലാണ് ഈ നിർധന കുടുംബം. നാട്ടുകാർ പിരിവെടുത്തും മറ്റുമാണ് സതീഷിന്‍റെ ചികിത്സ നടത്തിയത്. അച്‌ഛന്‍റെ ആഗ്രഹം സാധിച്ചത് നേരിട്ട് പറയാന്‍ പോലും മീനാക്ഷിക്ക് കഴിഞ്ഞില്ല. പഠിച്ച് ഡോക്‌ടർ ആകണം എന്നാണ് മീനാക്ഷിയുടെ ആഗ്രഹം. സുമനസ്സുകൾ മുന്നോട്ടുവന്നെങ്കിൽ മാത്രമേ ഈ പെൺകുട്ടിക്ക് ആ ആഗ്രഹം സഫലീകരിക്കാനാവു. തുടർന്നുള്ള യാത്രയിൽ സഹായ ഹസ്‌തവുമായി ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയാണ് ഈ കുടുംബത്തിനുള്ളത്.
Also Read : കല്ലേറ്റുംകരയിലെ ഒറ്റമുറി വീട്ടില്‍ താമസം; എല്ലാ വിഷയത്തിനും എ പ്ലസ്; നേപ്പാൾ സ്വദേശിനിക്ക് അഭിഭനന്ദന പ്രവാഹം - Nepal Student Full A Plus