കോഴിക്കോട്: പ്രവാചക വൈദ്യത്തിൻ്റെ പേരിൽ യൂണിവേഴ്‌സിറ്റി സർട്ടിഫിക്കറ്റ് നൽകാമെന്ന് വിശ്വസിപ്പിച്ച് മതപണ്ഡിതന്മാരിൽ നിന്നും വിദ്യാർഥികളിൽ നിന്നും പണം തട്ടിയ ആൾ പൊലീസിന്‍റെ പിടിയിലായി. കുന്ദമംഗലത്തിന് സമീപം കാരന്തൂർ പൂളക്കണ്ടി മുഹമ്മദ് ഷാഫി 51 നെയാണ് അറസ്റ്റ് ചെയ്‌തത്.
ആയുഷ് മന്ത്രാലയത്തിന്‍റെ അംഗീകാരം ഉണ്ടെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് അമ്പതിനായിരം രൂപ മുതൽ 2.5 ലക്ഷം രൂപ വരെയാണ് ഇയാൾ വാങ്ങിയത്. ഇത്തരത്തിൽ പലരിൽ നിന്നും കോടികൾ വാങ്ങി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊബേറ്റിക്ക് മെഡിസിൻ എന്ന സ്ഥാപനം ആരംഭിച്ചു. പരാതിയെ തുടർന്ന് കുന്ദമംഗലത്തെ ഓഫീസിൽ കഴിഞ്ഞ നവംബറിൽ പൊലീസ് പരിശോധന നടത്തിയിരുന്നു.
പരിശോധനയിൽ നിരവധി വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തി. അതിനെ തുടർന്ന് ഈ സ്ഥാപനം പൊലീസ് സീൽ ചെയ്‌തിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി പ്രതിയെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ഇന്ന് രാവിലെ വാഴക്കാട് വെച്ച് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. കുന്ദമംഗലം പൊലീസ് ഇൻസ്പെക്‌ടർ എസ് ശ്രീകുമാർ എസ്ഐ കലാം, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വിജീഷ്, അജീഷ്, ശ്രീരാജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.