കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുഗ്രഹത്തോടെ കോട്ടയം ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് ഏപ്രില്‍ നാലാം തീയതി നാമനിര്‍ദ്ദേശ പത്രിക സമർപ്പിക്കും. ഫ്രാന്‍സിസ് ജോര്‍ജിന് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള പണം നല്‍കിയത് ഉമ്മന്‍ ചാണ്ടിയുടെ കുടുംബമാണ്.
ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍റെ കൈയിൽനിന്ന് തെരഞ്ഞെടുപ്പിന് കെട്ടിവെക്കാനുള്ള പണം ഫ്രാൻസിസ് ജോർജ് ഏറ്റുവാങ്ങി. പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ വച്ചാണ് ഫ്രാൻസ് ജോർജ് മറിയാമ്മയുടെ കയ്യിൽ നിന്നും കെട്ടിവെയ്ക്കാനുള്ള തുക ഏറ്റു വാങ്ങിയത്.
പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍റെയും യുഡിഎഫ് നേതാക്കളുടേയും സാന്നിധ്യത്തിലായിരുന്നു കോട്ടയം ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് മറിയാമ്മ ഉമ്മൻ തുക കൈമാറിയത്. സ്ഥാനാര്‍ഥിക്ക് വിജയാശംസകളും ഉമ്മന്‍ചാണ്ടിയുടെ കുടുംബം നേര്‍ന്നു.
തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എല്ലാ യുഡിഎഫ് സ്ഥാനാർഥികൾക്കും വേണ്ടി പ്രവർത്തിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഉമ്മൻചാണ്ടിയുടെ കുടുംബം. പള്ളിയിലെത്തി ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങളോടൊപ്പം പ്രാർത്ഥിച്ചതിനു ശേഷം പുതുപ്പള്ളിക്കാരുടെ പ്രിയപ്പെട്ട ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ മെഴുകുതിരികൾ കത്തിച്ച് ഫ്രാൻസിസ് ജോർജ് അനുഗ്രഹം തേടി. തുടർന്ന് ഉമ്മൻചാണ്ടിയുടെ ഭാര്യയുടെ കൈയിൽനിന്ന് കെട്ടിവെക്കാനുള്ള തുക ഫ്രാൻസിസ് ജോർജ് ഏറ്റുവാങ്ങി.
ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ ഉറങ്ങുന്ന മണ്ണിൽ വച്ച് തന്നെ അദ്ദേഹത്തിൻ്റെ ഭാര്യയുടെ കൈയിൽനിന്ന് കെട്ടിവയ്ക്കാനുള്ള തുക വാങ്ങാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ഫ്രാൻസിസ് ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ കരുത്താകുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പ്രതികരിച്ചു.
25,000 രൂപയാണ് ഫ്രാൻസിസ് ജോർജിന് ലോക്‌സഭ തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുകയായി മറിയാമ്മ ഉമ്മൻ കൈമാറിയത്. മറിയാമ്മ ഉമ്മന് ഒപ്പം മകനും പുതുപ്പള്ളി എംഎൽഎയുമായ ചാണ്ടി ഉമ്മനും, ഫ്രാൻസിസ് ജോർജിനൊപ്പം കേരള കോൺഗ്രസ് എക്‌സിക്യൂട്ടീവ് ചെയർമാനും എംഎൽഎയുമായ മോൻസ് ജോസഫ്, ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് ഉൾപ്പെടെയുള്ളവരും ഉണ്ടായിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ഏഴ് അസംബ്ലി നിയോജക മണ്ഡലങ്ങളിലും നാളെ (03-04-2024) മുതല്‍ ആറുമണി വരെ റോഡ് ഷോ സംഘടിപ്പിക്കും. ഒരു ദിവസം രണ്ട് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് റോഡ് ഷോ. ആദ്യ ദിനത്തില്‍ രാവിലെ വൈക്കത്തും ഉച്ചകഴിഞ്ഞ് പിറവത്തുമാണ് റോഡ് ഷോ നടക്കുക.
ഇക്കുറി യുഡിഎഫ് സ്ഥാനാർഥികൾക്ക് വേണ്ടി പ്രചരണത്തിന് ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍ അടക്കം കുടുംബം മുഴുവനായും ഇറങ്ങുന്നു എന്ന പ്രത്യേകതയും ഉണ്ട്. ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ തുടർച്ചയായി മത്സരിക്കുമ്പോഴും, അദ്ദേഹത്തിന്‍റെ മരണ ശേഷം ചാണ്ടി ഉമ്മൻ മത്സരിച്ചപ്പോഴും മറിയാമ്മ ഉമ്മൻ പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ മക്കളായ ചാണ്ടി ഉമ്മനും, മറിയയും, അച്ചുവും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും പ്രചാരണ രംഗത്ത് സജീവമായിരുന്നു. ഇത്തവണയും കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും പ്രചാരണ രംഗത്തു സജീവമാണ് ചാണ്ടി ഉമ്മൻ.