പത്തനംതിട്ട: പമ്പ നീലിമല അടിവാരത്ത് കരിക്ക് കച്ചവട സ്ഥാപനത്തിന് സമീപം നിന്നു ആറടിയിലേറെ നീളമുള്ള രാജവെമ്പാലയെ പിടികൂടി വനം വകുപ്പ് ജീവനക്കാർ. തിങ്കളാഴ്‌ച (ഡിസംബര്‍ 09) രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. കരിക്ക് വിൽക്കുന്ന തൊഴിലാളികൾ കരിക്ക് കൂട്ടിയിട്ടിരുന്നിടത്ത് അനക്കം കേട്ട് നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടത്.
തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് ഭക്തരും പൊലീസുകാരും അടക്കം സ്ഥലത്ത് തടിച്ചുകൂടി. ഇതോടെ പാമ്പ് കച്ചവട സ്ഥാപനത്തിലെ ഷീറ്റുകൾക്ക് ഇടയിൽ ഒളിച്ചു. പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി വനം വകുപ്പിൻ്റെ സർപ്പ ലൈസൻസുള്ള അംഗീകൃത പാമ്പ് പിടുത്തക്കാരെ വനം വകുപ്പ് തീർഥാടകരുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
ഇവര്‍ എത്തിയാണ് പാമ്പിനെ പിടികൂടിയത്. ശബരിമല അടക്കമുള്ള അനുബന്ധ വനപ്രദേശങ്ങളിൽ നിന്നായി തീർഥാടനം തുടങ്ങിയ ശേഷം കഴിഞ്ഞ ആഴ്‌ച വരെയുള്ള കണക്കനുസരിച്ച് 130ലേറെ പാമ്പുകളെ പിടികൂടി ഉൾവനത്തിൽ വിട്ടിട്ടുണ്ട്. അണലികളും കാട്ടുപാമ്പുകളും ഉൾപ്പെടെയുള്ളവയെ ആണ് ഏറെയും പിടികൂടുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി വനം വകുപ്പിൻ്റെ സർപ്പ ലൈസൻസുള്ള അംഗീകൃത പാമ്പ് പിടുത്തക്കാരാണ് ഇവയെ പിടികൂടുന്നത്. സന്നിധാനത്തേക്കുള്ള യാത്രയ്ക്ക് തീർഥാടകർ പരമ്പരാഗത പാതകൾ മാത്രമേ ഉപയോഗിക്കാവൂ എന്നും കുറുക്ക് വഴികളിലൂടെ യാത്ര അപകടസാധ്യതകൾ വിളിച്ചുവരുത്തുമെന്നും വനം വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.