കൊല്ലം: മിൽമ ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് കൊല്ലം ജില്ലയിലെ മിൽമയുടെ പാൽവിതരണത്തില്‍ പ്രതിസന്ധി. താഴെത്തട്ടിലുള്ള ജീവനക്കാർക്ക് സ്ഥാനക്കയറ്റം നിഷേധിക്കുന്നതിനെതിരെയായിരുന്നു സമരം. പാൽ പ്രോസസിങ് സമരത്തെ തുടർന്ന് തടസപ്പെട്ടു.
കൊല്ലം തേവള്ളിയിലെ മിൽമ ഡയറിയിലായിരുന്നു ജീവനക്കാരുടെ പ്രതിഷേധം. ഐഎന്‍ടിയുസി, സിഐടിയു യൂണിയനുകളാണ് പ്രതിഷേധിച്ചത്. സ്ഥാനകയറ്റം നിഷേധിക്കുന്നതിനെതിരെയായിരുന്നു സൂചന പണിമുടക്ക് നടത്തിയത്. എന്നാൽ സമരക്കാര്‍ക്കെതിരെ കള്ളക്കേസെടുത്തെന്നാരോപിച്ചാണ് സമരം ശക്തമാക്കിയത്.
പ്ലാന്‍റിലെ തൊഴിലാളികളുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ നടന്നുവരവെയാണ് സമരക്കാര്‍ക്കെതിരെ കേസെടുത്തത്. സമരം ചെയ്യുന്നവർക്കെതിരെ പൊലീസ് എടുത്ത കള്ള കേസ് പിൻവലിക്കാതെ സമരത്തിൽ നിന്നും പിൻമാറില്ലെന്ന് തൊഴിലാളി നേതാക്കൾ പറഞ്ഞു. ഓഫീസര്‍മാരുടെ സ്ഥാനക്കയറ്റത്തിനുള്ള അഭിമുഖം തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായാണ് നടക്കുന്നത്. ഇതിനൊപ്പം തൊഴിലാളികളുടെ സ്ഥാനക്കയറ്റം കൂടി പരിഗണിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.
പ്രതിഷേധം ശക്തമായതോടെ ഇന്‍റര്‍വ്യു തടസപ്പെട്ടെങ്കിലും ഓൺലൈനിലൂടെ അഭിമുഖം നടന്നു. എന്നാൽ ഇതിനെതിരെയും തൊഴിലാളികൾ പ്രതിഷേധിച്ചപ്പോഴാണ് പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്‌ത് കേസെടുപ്പിച്ചത്. ഇതിനെ തുടർന്ന് തൊഴിലാളികൾ സമരം ശക്തമാക്കുകയായിരുന്നു. തൊഴിലാളികളുടെ സ്ഥാനക്കയറ്റം വര്‍ഷങ്ങളായി നടക്കുന്നില്ലെന്നും അര്‍ഹമായ ആവശ്യം മാനേജ്മെന്‍റ് നിരസിക്കുകയാണെന്നും സമരക്കാര്‍ ആരോപിച്ചു.
ആവശ്യം പരിഗണിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകള്‍ മേഖലാ യൂണിയന് കത്ത് നല്‍കിയിരുന്നു. ഈ മാസം തൊഴിലാളികളുടെ സ്ഥാനക്കയറ്റം കൂടി ഉറപ്പാക്കുമെന്ന് എഴുതിത്തന്നാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂവെന്ന നിലപാടിലാണ് ഇപ്പോള്‍ യൂണിയനുകള്‍. കഴിഞ്ഞ വര്‍ഷം മേഖലാ യൂണിയനിലേക്ക് പുറംകരാര്‍ നല്‍കുന്നതിനെയും ജീവനക്കാര്‍ എതിര്‍ത്തിരുന്നു.
സമരം കടുത്തതോടെ ജില്ലയിലെ പാല്‍ വിതരണം പ്രതിസന്ധിയിലായിരിക്കുകയാണ്. സമരം ഉടന്‍ തീര്‍ന്നില്ലെങ്കില്‍ ജില്ലയിലെ പാല്‍ സംഭരണത്തെയും വിതരണത്തെയും സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
Also Read: ഡ്രൈവിങ് സ്‌കൂൾ സമരത്തിൽ ചർച്ച: കെബി ഗണേഷ് കുമാർ നാളെ സംഘടന പ്രതിനിധികളെ കാണും