കണ്ണൂർ : തീ ആളുന്ന ഇടങ്ങളിലേക്കും ദുരന്ത മുഖത്തേക്കും ഓടിയെത്താൻ ഇനി പെൺ പടയെത്തും. സംസ്ഥാനത്തെ ആദ്യ വനിത ഫയർ ആന്‍ഡ് റെസ്ക്യൂ ഓഫീസ് ബാച്ചിന്‍റെ ഭാഗമായി അഞ്ച് വനിതകളാണ് ജില്ല അഗ്നി രക്ഷാ സേനയിലെത്തിയത്. കണ്ണൂർ തളിപ്പറമ്പ് കുറ്റ്യേരിയിലെ വിവി ശില്‌പ. കൊട്ടിയൂർ അടക്കാത്തോടിലെ കെജെ ജ്യോത്സന, കൂത്തുപറമ്പ് ആമ്പിലാട്ടെ കെ അമിത, ചെങ്ങളായി തവറൂലിലെ അനുശ്രീ പ്രേമരാജ്, വളക്കൈ പെരിന്തലേരിയിലെ അനുഷ കെകെ എന്നിവരാണ് ജില്ലയിൽ ദുരിത മേഖലകളിലേക്ക് ഓടിയെത്താൻ തയ്യാറെടുക്കുന്നത്.
നിലവിൽ കണ്ണൂർ അഗ്നിരക്ഷാ നിലയത്തിൽ സ്റ്റേഷൻ ട്രെയിനിങ്ങിലാണ് അഞ്ച് പേരും. 2020 ജൂൺ മാസം ആയിരുന്നു പിഎസ്‌സി നോട്ടിഫിക്കേഷൻ വന്നത്. കഠിനമായ പരിശീലനത്തിനൊടുവിൽ റാങ്ക് പട്ടികയിൽ ഇടം നേടിയ ഇവർ 2023 സെപ്റ്റംബർ 4-നാണ് ട്രെയിനിങ് ആരംഭിച്ചത്.
വിയ്യൂരിൽ സർവീസ് അക്കാദമിയിൽ ആറ് മാസത്തെ അടിസ്ഥാന പരിശീലനത്തിന് ശേഷമാണ് ഇവർ കണ്ണൂരിലെത്തിയത്. ഫയർമാൻ പരിശീലനത്തിന് സമാനമായ രീതിയിൽ തന്നെയാണ് പരിശീലനം ഒരുക്കിയത്. സ്‌കൂബ ഡൈവിങ്, റോപ്പ് റെസ്‌ക്യൂ വിദ്യകൾ, മൗണ്ട്നീയറിങ് ജീവൻ രക്ഷാപ്രവർത്തനങ്ങൾ, ഫയർ ഫൈറ്റിങ് എന്നിങ്ങനെ വിവിധ മേഖലകളിൽ വിദഗ്‌ധ പരിശീലനം നേടിയ ശേഷമാണ് വനിതകൾ അതത് കേന്ദ്രങ്ങളിൽ സ്റ്റേഷൻ പരിശീലനത്തിന് എത്തിയത്. സെപ്റ്റംബർ വരെയാണ് സ്റ്റേഷൻ പരിശീലനം.
ദുരന്തനിവാരണം മാത്രമല്ല സാമൂഹിക സുരക്ഷിതത്വത്തിന്‍റെ ഉത്തരവാദിത്വവും ചുമലിലേറ്റിയാണ് അഗ്നിരക്ഷാ സേനാംഗങ്ങൾ പ്രവർത്തിക്കുന്നത്. തങ്ങളുടെ ജോലിയിൽ അഭിമാനം കൊള്ളുന്നു എന്നും പരിശീലനം ഉഷാർ ആണെന്നും ഇവർ പറയുന്നു. കൂടുതൽ കേസുകൾ എത്തുന്ന സ്റ്റേഷനാണ് ഇത്. അതുകൊണ്ട് തന്നെ സ്റ്റേഷൻ പരിശീലനം ഉഷാറായി മുന്നോട്ടു പോകുന്നുണ്ട് ഫയർ വനിതകൾ പറയുന്നു. ശാരീരിക ക്ഷമത പരീക്ഷ, എഴുത്ത് പരീക്ഷ എന്നിവ ഉൾപ്പെടെ നാല് കടമ്പകൾ താണ്ടിയാണ് ഇവർ സേനയിലേക്ക് എത്തിയത്.