എറണാകുളം: പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങി. എടയാർ വ്യവസായ മേഖലയിലെ വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് രാസമാലിന്യം പുഴയിലേക്ക് ഒഴുക്കിയതാണ് മത്സ്യക്കുരിതിക്ക് കാരണമായതെന്നാണ് സൂചന. തിങ്കളാഴ്‌ച (മെയ് 20) രാത്രി മുതലാണ് പുഴയിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങിയത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
കരിമീൻ, ചെമ്മീൻ, ചെമ്പല്ലി, ചെറുമീനുകൾ ഉൾപ്പടെയുള്ള മത്സ്യങ്ങളാണ് ചത്ത് കരയ്‌ക്കടിഞ്ഞത്. മുൻവർഷങ്ങളിലും പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പുഴയുടെ തീരങ്ങളിൽ മത്സ്യകൃഷി ചെയ്യുന്ന കർഷകരുടെ മത്സ്യങ്ങളും കൂട്ടത്തോടെ ചത്തുപൊങ്ങിയിരുന്നു. ലക്ഷങ്ങളുടെ നഷ്‌ടമാണ് കർഷകർക്കുണ്ടായത്.
പെരിയാറിൻ്റെ തീരത്ത് പ്രവർത്തിക്കുന്ന കമ്പനികൾ രാസമാലിന്യങ്ങൾ പുഴയിലേക്ക് ഒഴുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും പലതവണയായി രംഗത്തെത്തിയിരുന്നു. എന്നാൽ മലിനീകരണ നിയന്ത്രണ ബോർഡോ സർക്കാരോ ക്രിയാത്മകമായി ഈ വിഷയത്തിൽ ഇടപെടാറില്ലന്ന വിമർശനം ശക്തമാണ്. പെരിയാറിലെ മലിനീകരണം മത്സ്യകർഷകരെയും ക്രമേണ മനുഷ്യരെയാകെ പെട്ടെന്ന് തന്നെ ബാധിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകനായ സിആർ നീലകണ്‌ഠൻ ഇടിവി ഭാരതിനോട് പറഞ്ഞു.
'പൊലൂഷൻ കൺട്രോൾ ബോർഡല്ല പൊലൂഷൻ ബോർഡ്': ഈ മേഖലയിൽ പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഇല്ല. രാസമാലിന്യങ്ങൾ പുഴയിലേക്ക് ഒഴുക്കുന്ന വ്യവസായ സ്ഥാപനം ഏതാണെന്ന് പോലും കണ്ടെത്താൻ പൊലൂഷൻ കൺട്രോൾ ബോർഡിന് കഴിഞ്ഞിട്ടില്ല. ഇതിന് പിന്നിൽ അഴിമതിയുണ്ടെന്നും ട്രേഡ് യൂണിയൻ നേതാക്കൾ ഉൾപ്പെട്ട വൻ ലോബിയുണ്ടെന്നും സി ആർ നീലകണ്‌ഠൻ ആരോപിച്ചു.
വ്യവസായ സ്ഥാപനങ്ങൾ സമീപത്തെ തോടുകളിലേക്ക് ഒഴുക്കിവിടുന്ന മാലിന്യങ്ങൾ ആദ്യ മഴയിൽ പുഴയിൽ എത്തുന്നതോടെയാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പൊലൂഷൻ കൺട്രോൾ ബോർഡ് പൊലൂഷൻ ബോർഡണാന്നും സിആർ പരിഹസിച്ചു.
പുഴയിലേക്ക് എത്തുന്ന രാസമാലിന്യങ്ങൾ മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്നതിനും കാരണമായിട്ടുണ്ട്. ഇത് മത്സ്യമേഖലയെ ആശ്രയിക്കുന്ന നൂറു കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ പ്രതികൂലമായി ബാധിക്കുന്നു. കൊച്ചി നഗരത്തിനും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന ലക്ഷകണക്കിന് മനുഷ്യർക്ക് കുടിവെള്ളം ലഭിക്കുന്നത് പെരിയാറിൽ നിന്നാണ്.
പെരിയാറിലെ വെള്ളത്തിൽ ഒഴുകിയെത്തുന്ന വിഷാംശത്തിന്‍റെ അളവ് കൂടുന്നത് ശുദ്ധീകരിച്ച് പമ്പു ചെയ്യുന്ന കുടിവെള്ളത്തെ ഏതെങ്കിലും തരത്തിൽ ബാധിക്കുമോയെന്ന ആശങ്കയും ജനങ്ങൾക്ക് ഉണ്ട്. പുഴയിലെ മത്സ്യങ്ങൾ ചത്തുപൊങ്ങിയതോടെ ജനങ്ങൾ മത്സ്യം തന്നെ വാങ്ങാൻ തയ്യാറാകാത്ത സാഹചര്യം കൊച്ചിയിലെ മത്സ്യബന്ധന മേഖലയ്‌ക്ക് തന്നെ വലിയ പ്രതിസന്ധിയാണ് സൃഷ്‌ടിക്കുക. കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ സമാനമായ രീതിയിൽ പെരിയാറിൽ കൂട്ടത്തോടെ മത്സ്യങ്ങൾ ചത്തു പൊങ്ങിയിരുന്നു.