ഇടുക്കി: ഏപ്രിൽ 14നാണ് രാജ്യമെമ്പാടും അഗ്നിശമന സേന ദിനമായി ആചരിക്കുന്നത്. 1944 ഏപ്രിൽ 14 ന് മുംബൈ തുറമുഖത്ത് നങ്കൂരം ഇട്ടിരുന്ന കപ്പലിൽ വൻസ്ഫോടനം ഉണ്ടാവുകയും നിരവധി പേർ മരണപ്പെടുകയും ചെയ്‌തു. സ്ഫോടന വസ്‌തുക്കളാണ് കപ്പലിൽ സംഭരിച്ചിരിക്കുന്നത് എന്ന് മനസിലാക്കിയ അഗ്നിശമനസേന പല വിഭാഗങ്ങളായി തിരിഞ്ഞ് തീ ആളിപ്പടർന്നത് നിയന്ത്രണവിധേയമാക്കുകയും വീണ്ടും സ്ഫോടനം ഉണ്ടാവാതിരിക്കാൻ ധീരമായ പ്രവർത്തനം നടത്തുകയും ഉണ്ടായി.
ഈ പ്രവർത്തനത്തിൽ 59 സേന അംഗങ്ങളുടെ ജീവൻ ബലിയർപ്പിക്കപ്പെട്ടു. നിരവധി പേർക്ക് അംഗവൈകല്യം സംഭവിക്കുകയും ചെയ്‌തു. ഈ സംഭവം അനുസ്‌മരിച്ച് കൊണ്ടും, കേരളത്തിലടക്കം മണ്മറഞ്ഞ ധീരമായ അഗ്നിശമന സേനാംഗങ്ങളെ ആദരിച്ചുകൊണ്ടുമാണ് അഗ്നിശമന സേന ദിനം ആചരിക്കുന്നത്.
വിവിധ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട് ജീവൻ വെടിഞ്ഞ സേനാംഗങ്ങളുടെ പ്രവർത്തനം മറ്റ് സേന അംഗങ്ങൾ പ്രചോദനമാകണമെന്ന ലക്ഷ്യത്തോടെയാണ് കട്ടപ്പനയിൽ ഫയർഫോഴ്‌സ് ദിനാചരണം സംഘടിപ്പിച്ചത്. സ്‌റ്റേഷൻ ഓഫിസർ ടി യേശുദാസിന്‍റെ നേതൃത്വത്തിലാണ് ഫയർഫോഴ്‌സ് വാഹനങ്ങളിൽ റോഡ് ഷോ നടത്തിയത്. ഒപ്പം ദിനാചരണത്തോടനുബന്ധിച്ച് വിവിധ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു.